ഫോർട്ട് ഹുഡ് കൂട്ടക്കൊല: നിഡാൽ ഹസനെ ഫയറിങ് സ്‌ക്വാഡ് വഴി വധിക്കാൻ ട്രംപിന്റെ അനുമതി

ഫോർട്ട് ഹുഡ് കൂട്ടക്കൊല: നിഡാൽ ഹസനെ ഫയറിങ് സ്‌ക്വാഡ് വഴി വധിക്കാൻ ട്രംപിന്റെ അനുമതി


വാഷിങ്ടൺ: 2009ലെ ഫോർട്ട് ഹുഡ് സൈനികതാവള ആക്രമണത്തിൽ 13 പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ യുഎസ് സൈനിക സൈക്യാട്രിസ്റ്റ് നിഡാൽ മാലിക് ഹസനെ ഫയറിങ് സ്‌ക്വാഡ് വഴി വധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ശുപാർശ അംഗീകരിച്ചാണ് ട്രംപിന്റെ നടപടി. വധശിക്ഷയുടെ തീയതിയും സ്ഥലവും ആർമി സെക്രട്ടറി തീരുമാനിക്കും.

2009 നവംബർ 5നാണ് ടെക്‌സസിലെ ഫോർട്ട് ഹുഡിൽ ഹസൻ വെടിയുതിർത്തത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 12 പേർ സൈനികരും ഒരാൾ സാധാരണക്കാരനുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഹസന് ഗുരുതരമായി പരിക്കേൽക്കുകയും ഭാഗികമായി തളരുകയും ചെയ്തു.

2013ൽ സൈനിക കോടതി ഹസനെ 13 കൊലപാതകക്കുറ്റങ്ങളിലും 32 വധശ്രമക്കുറ്റങ്ങളിലും കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു. അൽഖായിദ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ആക്രമണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വിചാരണയ്ക്കിടെ ഹസൻ സ്വയം വാദിച്ചെങ്കിലും സാക്ഷികളെ വിളിക്കുകയോ സ്വന്തം മൊഴി നൽകുകയോ ചെയ്തില്ല.

ഹസന്റെ വധശിക്ഷ നടപ്പാക്കിയാൽ 1961ന് ശേഷം യുഎസ് സൈന്യം നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്. 1961ൽ ആർമി സൈനികനായ ജോൺ ബെന്നറ്റിനെയാണ് ഫോർട്ട് ലീവൻവർത്തിലെ സൈനിക ജയിലിൽ തൂക്കിലേറ്റിയത്. ഹസന്റെ വധശിക്ഷയ്ക്കുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.