ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതാ പ്രതിഷേധക്കാരുടെ ശിക്ഷ നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ നേരിട്ടുള്ള അഭ്യർത്ഥനയെ തുടർന്നാണ് ഇറാൻ തീരുമാനം മാറ്റിയതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ഇത്തരമൊരു വധശിക്ഷാ തീരുമാനം തന്നെ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.
ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ, 'ഇന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് സ്ത്രീകളെ ഇനി കൊല്ലില്ല. നാലുപേരെ ഉടൻ മോചിപ്പിക്കുകയും, മറ്റ് നാലുപേരെ ഒരു മാസം തടവിന് വിധിക്കുകയും ചെയ്യും' എന്ന് പറഞ്ഞു. തന്റെ അഭ്യർത്ഥന മാനിച്ച ഇറാൻ ഭരണകൂടത്തിന് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
പിന്നീട് വൈറ്റ് ഹൗസ് വക്താവ് കരോലൈൻ ലെവിറ്റും ട്രംപിന്റെ അവകാശവാദം ആവർത്തിച്ചു. ഫോക്സ് ന്യൂസ് ചാനലിൽ സംസാരിക്കവെ, 'ഇറാൻ ഭരണകൂടത്തിൽ നിന്ന് നേരിട്ട് ലഭിച്ച വിവരപ്രകാരം ഇവരുടെ ജീവൻ രക്ഷിക്കപ്പെടും' എന്നാണ് അവർ പറഞ്ഞത്.
അതേസമയം, സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിക്കാനിരുന്നുവെന്ന അവകാശവാദം ഇറാൻ അധികൃതർ നിഷേധിച്ചു. ഇത്തരത്തിലുള്ള വിവരങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും സംശയങ്ങൾ ഉയരുന്നതായും വിലയിരുത്തപ്പെടുന്നു. മുൻപും ഇറാനിൽ വധശിക്ഷയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ട്രംപ് ഉന്നയിച്ചെങ്കിലും പിന്നീട് അവ സ്ഥിരീകരിക്കപ്പെടാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതിനിടെ, ഇറാനുമായുള്ള വെടിനിർത്തൽ ട്രംപ് നീട്ടിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധ നടപടികൾ തുടരുമെന്നും, ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏകോപിതമായ നിർദ്ദേശം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇറാനിൽ നിന്ന് വ്യക്തമായ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എട്ട് വനിതാ പ്രതിഷേധക്കാരുടെ വധശിക്ഷ നിർത്തിയെന്ന് ട്രംപ്; ബഡായി എന്ന് ഇറാൻ
