നാന്‍സി ഗുത്രിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

നാന്‍സി ഗുത്രിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്


വാഷിങ്ടണ്‍: നാന്‍സി ഗുത്രിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ യു എസ് പ്രസിഡന്റ് കടുത്ത മുന്നറിയിപ്പ് നല്‍കി. നാന്‍സിയെ യാതൊരു പരിക്കുമില്ലാതെ ഉടന്‍ മോചിപ്പിക്കാത്ത പക്ഷം ഏറ്റവും കടുത്ത ഫെഡറല്‍ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ ബി സിയുടെ ടുഡേ ഷോ അവതാരകയായ സാവന്ന ഗുത്രിയുടെ 84 വയസ്സുള്ള മാതാവാണ് നാന്‍സി ഗുത്രി. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നീതിന്യായ വകുപ്പ് വധശിക്ഷ നല്‍കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ ടെലിഫോണിക്  അഭിമുഖത്തില്‍ നാന്‍സി ഗുത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുകയാണെങ്കില്‍ അപഹരണക്കാര്‍ക്ക് 'വളരെ കടുത്ത ഏറ്റവും കടുത്ത' ഫെഡറല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. 2026 ഫെബ്രുവരി ഒന്നിന് സ്വന്തം വസതിയില്‍ നിന്നാണ് അവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. നീതിന്യായ വകുപ്പ് വധശിക്ഷ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഏറ്റവും കടുത്ത ശിക്ഷ തന്നെ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. 

ഫെബ്രുവരി നാലിന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ  കുറിപ്പില്‍ താന്‍ സാവന്ന ഗുത്രിയുമായി സംസാരിച്ചുവെന്നും ഫെഡറല്‍ നിയമപ്രവര്‍ത്തക ഏജന്‍സികളെല്ലാം കുടുംബത്തിനും പ്രാദേശിക നിയമപ്രവര്‍ത്തകര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

നാന്‍സിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ എല്ലാ കാര്യങ്ങളും വിന്യസിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ അവര്‍ക്കും കുടുംബത്തിനുമൊപ്പമാണെന്നും ദൈവം നാന്‍സിയെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ആയുധധാരിയായ പ്രതി ധരിച്ച വസ്ത്രങ്ങള്‍ വാങ്ങിയ സ്ഥലം അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പിമാ കൗണ്ടി ഷെരിഫ് ക്രിസ് നാനോസ് പറഞ്ഞത് പ്രതി ധരിച്ചിരുന്ന സിപ്പ്-അപ്പ് ഫ്‌ളീസ് ജാക്കറ്റ്, പാന്റ്‌സ്, സ്‌കീ മാസ്‌ക് എന്നിവ വാ്ള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങിയതാണെന്നാണ്. പ്രതി കരുതിയിരുന്ന കറുത്ത ഓസാര്‍ക്ക് ട്രെയില്‍ ഹൈക്കര്‍ ബാക്ക്പാക്കും വാള്‍മാര്‍ട്ടില്‍ നിന്നാണ് വാങ്ങിയതെന്ന് സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.