വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിസമ്മതിച്ചു. വീഡിയോ പൂര്‍ണമായി കണ്ട ശേഷമല്ല പോസ്റ്റ് ചെയ്തതെന്നും താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് താന്‍ ആദ്യ ഭാഗം മാത്രമാണ് കണ്ടതെന്നും മുഴുവന്‍ വീഡിയോയും കണ്ടിട്ടില്ലെന്നും പറഞ്ഞു. വീഡിയോ അപ്ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് കൈമാറിയതാണെന്നും അവരും പൂര്‍ണമായി വീഡിയോ കണ്ടിട്ടില്ലെന്നുമാണ് ട്രംപിന്റെ വിശദീകരണം.
എന്തുകൊണ്ടാണ് വീഡിയോ വംശീയമായി വിലയിരുത്തപ്പെട്ടത്?
ഫെബ്രുവരി അഞ്ചിന് പോസ്റ്റ് ചെയ്ത വീഡിയോ ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് ട്രംപ് തോറ്റെന്ന വിഷയത്തില്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ആവര്‍ത്തിക്കുന്ന ഈ ക്ലിപ്പിന്റെ അവസാന ഭാഗത്ത് ബരാക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും മുഖങ്ങള്‍ കുരങ്ങുകളുടെ ശരീരത്തില്‍ സൂപ്പര്‍ഇംപോസ് ചെയ്ത് കാണിക്കുകയും പശ്ചാത്തലത്തില്‍ 'ദി ലയണ്‍ സ്ലീപ്‌സ് ടുനൈറ്റ്' എന്ന ഗാനം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
വീഡിയോ ഏകദേശം 12 മണിക്കൂറോളം ഓണ്‍ലൈനില്‍ തുടര്‍ന്നതിന് ശേഷമാണ് നീക്കം ചെയ്തത്. തുടക്കത്തില്‍ വൈറ്റ് ഹൗസ് വിമര്‍ശനങ്ങളെ കൃത്രിമമായ കോപപ്രകടനം എന്നു തള്ളിക്കളഞ്ഞെങ്കിലും പിന്നീട്, ഒരു ജീവനക്കാരന്റെ പിഴവാണ് വീഡിയോ പോസ്റ്റ് ചെയ്യാന്‍ കാരണമായതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒരു വൈറ്റ് ഹൗസ് ജീവനക്കാരന്‍ തെറ്റിദ്ധരിച്ചാണ് പോസ്റ്റ് പങ്കുവെച്ചതെന്നും അത് നീക്കം ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു.
ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ 'ദി ലയണ്‍ കിംഗ്' സിനിമയിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ് മീം വീഡിയോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് നേരത്തെ വിശദീകരിച്ചിരുന്നു. അമേരിക്കന്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാധ്യമങ്ങളോടും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജ്യത്തിന്റെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റിനെ വംശീയമായി ചിത്രീകരിക്കുന്നത് ഗുരുതര വിഷയമാണെന്ന വിമര്‍ശനവും ശക്തമായി ഉയര്‍ന്നു.
ഡെമോക്രാറ്റുകള്‍ ഈ പോസ്റ്റിനെ ശക്തമായി അപലപിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, വൈറ്റ് ഹൗസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് പറഞ്ഞു. ഡൊണള്‍ഡ് ട്രംപ് ആരാണെന്നും അദ്ദേഹം എന്താണ് വിശ്വസിക്കുന്നതെന്നും തങ്ങള്‍ക്കൊക്കെ വ്യക്തമാണെന്ന് കമലാ ഹാരിസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ചില റിപ്പബ്ലിക്കന്‍ നേതാക്കളും വിഷയത്തില്‍ പ്രതികരിച്ചു. സെനറ്റിലെ ഏക കറുത്ത റിപ്പബ്ലിക്കന്‍ അംഗമായ സെനറ്റര്‍ ടിം സ്‌കോട്ട് ഈ വീഡിയോയെ 'വൈറ്റ് ഹൗസില്‍ നിന്നു കണ്ടതില്‍ ഏറ്റവും വംശീയമായ കാര്യം എന്നാണ് വിശേഷിപ്പിച്ചത്. വീഡിയോ നീക്കം ചെയ്യണമെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു. സെനറ്റര്‍ റോജര്‍ വികര്‍ ഈ പോസ്റ്റ് പൂര്‍ണമായും അംഗീകരിക്കാനാവാത്തതാണെന്നും പ്രസിഡന്റ് മാപ്പ് പറയേണ്ടതുണ്ടെന്നും വ്യക്തമാക്കി.
