വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍് സുരക്ഷിതമായി പുറത്തെത്താന്‍ അമേരിക്ക സഹായിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്‍ ഏര്‍പ്പെടുത്തിയ തടസ്സം മറികടക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ നടത്തിയ പ്രസ്താവനയില്‍ പ്രോജക്റ്റ് ഫ്രീഡം എന്ന പേരിലുള്ള ദൗത്യത്തിന് തുടക്കം കുറിക്കുന്നതായി ട്രംപ് പറഞ്ഞു. കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകളുള്ള രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണിത് നടപ്പാക്കുന്നതെന്നും അവയെ നിഷ്പക്ഷവും നിരപരാധികളുമായ രാജ്യങ്ങള്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇറാന്‍, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവയുടെ നല്ലതിന് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ നിയന്ത്രിത ജലപാതകളില്‍ നിന്ന് സുരക്ഷിതമായി പുറത്തേക്ക് നയിക്കുമെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. കപ്പലുകളില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറയുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഈ ദൗത്യത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ ശക്തമായി നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ നീക്കം എങ്ങനെ നടപ്പിലാക്കുമെന്നോ ഇറാനുമായി സഹകരണമുണ്ടാകുമോയെന്നോ ്അദ്ദേഹം വ്യക്തമായിട്ടില്ല.
ഏപ്രില്‍ 7ന് നിലവില്‍ വന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ ഈ നീക്കത്തോടെ തകരാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യു എസിന്റെ ഇടപെടല്‍ യുദ്ധവിരാമ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ കമ്മീഷന്‍ മേധാവി ഇബ്രാഹിം അസീസി മുന്നറിയിപ്പ് നല്‍കി. കടലിടുക്ക് കടന്നുപോകാന്‍ ശ്രമിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ ഈ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയുടെ ഈ നീക്കം ഇറാന്റെ ശക്തമായ പ്രതികരണത്തിന് ഇടയാക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് മനുഷ്യാവകാശ ദൗത്യമായി ഇറാന്‍ കാണില്ലെന്നും കൂടുതല്‍ സൈനിക സംഘര്‍ഷത്തിന് സാധ്യത സൃഷ്ടിക്കുമെന്നും നെഗാര്‍ മൊര്‍ത്തസാവി വ്യക്തമാക്കി.
അതേസമയം, നയതന്ത്ര പരിഹാരത്തിന് വഴി തുറന്നിരിക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവ പോസിറ്റീവ് ഫലത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പ് ഇറാന്‍ സമര്‍പ്പിച്ച 14 പോയിന്റ് സമാധാന നിര്‍ദ്ദേശം ട്രംപ് തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനും ഉപരോധം നീക്കാനും ഇറാന്‍ മുന്‍ഗണന നല്‍കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
