അറ്റ്‌ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലില്‍ വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു ബ്രിട്ടീഷ് പൗരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെതര്‍ലന്‍ഡ്‌സ് സ്വദേശികളായ ദമ്പതികളും ഒരു ജര്‍മ്മന്‍ പൗരനും മരണപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും മരണകാരണം ഇതുവരെ വ്യക്തമല്ലെന്നാണ് എം വി ഹോണ്ടിയസ് എന്ന കപ്പല്‍ ഓപ്പറേറ്റ് ചെയ്യുന്ന ഓഷ്യന്‍വൈഡ് എക്‌സ്‌പെഡീഷന്‍സ് അറിയിച്ചത്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള 69കാരനായ ബ്രിട്ടീഷ് പൗരനില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ് നഗരത്തിലെ ആശുപത്രിയിലാണ് അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
ഹാന്റാവൈറസ് സാധാരണയായി എലി പോലുള്ളവ വഴിയാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇവയുടെ വിസര്‍ജ്ജ്യങ്ങള്‍ വഴിയാണ് വഴിയാണ് വൈറസ് പകരുന്നത്. ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂര്‍വമാണ്.
കമ്പനിയുടെ വിവരമനുസരിച്ച് രണ്ട് ജീവനക്കാര്‍ക്കും ഗുരുതര ശ്വാസകോശ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ബ്രിട്ടീഷും മറ്റൊരാള്‍ ഡച്ചുമാണ്. ഇവര്‍ക്കും അടിയന്തര ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഹാന്റാവൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
പ്രാദേശിക ആരോഗ്യ അധികാരികളുമായി അടിയന്തര ചര്‍ച്ചകള്‍ തുടരുകയാണെന്ന് കമ്പനി അറിയിച്ചു. ഗുരുതരമായ മെഡിക്കല്‍ സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ഏപ്രില്‍ 11ന് അസുഖബാധിതനായി മരണപ്പെട്ട നെതര്‍ലാന്റ് സ്വദേശിയുടെ മൃതദേഹം ഏപ്രില്‍ 24ന് സെയിന്റ് ഹെലേന ദ്വീപില്‍ ഇറക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അവിടെ ഇറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് അയാളുടെ ഭാര്യയും മരിക്കുകയായിരുന്നു. ഇവരുടെ മരണകാരണമാണ് സ്ഥിരീകരിക്കാത്തത്.
ഏപ്രില്‍ 27-ന് മറ്റൊരു യാത്രക്കാരനായ ബ്രിട്ടീഷ് പൗരന്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മെഡിക്കല്‍ എവാക്വേഷന്‍ നടത്തുകയും അദ്ദേഹത്തില്‍ ഹാന്റാവൈറസ് വകഭേദം കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ശനിയാഴ്ചയാണ് ജര്‍മ്മന്‍ പൗരനായ മറ്റൊരു യാത്രക്കാരനും മരിച്ചത്.
ഇത്രയും പേര്‍ മരിച്ചതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് അറിയിച്ചു. യാത്രക്കാരെ ഇറക്കുന്നതിനും മെഡിക്കല്‍ പരിശോധനകള്‍ക്കും പ്രാദേശിക അധികാരികളുടെ അനുമതി ആവശ്യമാണ്.
കപ്പലില്‍ രോഗബാധിതരായ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ലാസ് പാല്‍മാസ് അല്ലെങ്കില്‍ ടെനെറിഫെ എന്നിവിടങ്ങളിലേക്ക് കപ്പല്‍ നീക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന അടിയന്തര ഇടപെടല്‍ നടത്തുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ അധികാരികള്‍ക്ക് നന്ദി രേഖപ്പെടുത്തിയതായും അറിയിച്ചു. ഹാന്റാവൈറസ് സാധാരണയായി അപൂര്‍വമാണെന്നും രോഗബാധിത എലികളുമായി സമ്പര്‍ക്കം മൂലമാണ് പകരുന്നതെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഭീഷണി കുറവാണെന്നും ഭീതിപരത്തേണ്ട സാഹചര്യമില്ലെന്നും യൂറോപ്പ് മേഖല ഡയറക്ടര്‍ ഡോ. ഹാന്‍സ് ഹെന്റി പി ക്ലൂഗെ പറഞ്ഞു.
മൂന്നാഴ്ച മുമ്പ് അര്‍ജന്റീനിയലെ ഉഷുവായയില്‍ നിന്ന് യാത്രതിരിച്ച കപ്പല്‍ ഇപ്പോള്‍ കേപ് വെര്‍ദെയിലെ തലസ്ഥാനമായ പ്രയക്ക് സമീപമാണുള്ളത്. കപ്പലില്‍ ഐസൊലേഷന്‍, ശുചിത്വ നിയന്ത്രണങ്ങള്‍, മെഡിക്കല്‍ നിരീക്ഷണം എന്നിവ കര്‍ശനമായി നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു.
അതേസമയം, ഹാന്റാവൈറസ് ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 1 മുതല്‍ 8 ആഴ്ച വരെ എടുക്കാമെന്ന് മൈക്രോബയോളജിസ്റ്റ് സിയോക്‌സി വൈല്‍സ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനിടയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.
