വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പുതിയ താരിഫ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള രണ്ട് ഘട്ട സമീപനം പരിഗണിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതികള്‍ക്ക് ഉടനടി തീരുവ ചുമത്താന്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.
വിദേശ വ്യാപാര രീതികളെ ട്രംപ് വളരെക്കാലമായി വിമര്‍ശിക്കാറുണ്ടെങ്കിലും ചില ഭരണകൂട ഉദ്യോഗസ്ഥര്‍ താരിഫുകളെ ഒരു ചര്‍ച്ചാ ഉപകരണമായി മാത്രമല്ല, ആസൂത്രിത നികുതി ഇളവുകള്‍ക്കുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായും കാണുന്നുവെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
താരിഫ് നടപ്പാക്കല്‍ വേഗത്തിലാക്കാന്‍ നിയമപരമായ വഴികള്‍ ഉദ്യോഗസ്ഥര്‍ തേടുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെക്ഷന്‍ 301 അന്വേഷണങ്ങള്‍, ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്റ്റ്, 1930ലെ താരിഫ് ആക്ടിലെ സെക്ഷന്‍ 338 എന്നിവ അവലോകനത്തിലുള്ള ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ചില ഇറക്കുമതികള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്താന്‍ ഭരണകൂടത്തെ ഈ നടപടികള്‍ അനുവദിച്ചേക്കാം.
ഏപ്രില്‍ 2ന് വാഹന ഇറക്കുമതിക്ക് താരിഫ് ചുമത്താന്‍ സാധ്യതയുള്ള നീക്കമായി ട്രംപ് ഓട്ടോ വ്യവസായത്തില്‍ ദേശീയ സുരക്ഷാ അന്വേഷണം പുന:രാരംഭിച്ചേക്കാം. 1974ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 122 ആണ് മറ്റൊരു ബദല്‍. ഇത് 150 ദിവസത്തേക്ക് 15 ശതമാനം വരെ താത്ക്കാലിക താരിഫുകള്‍ അനുവദിക്കുന്നു. ഭരണകൂടം ഇതുവരെ അതിന്റെ സമീപനത്തിന് അന്തിമരൂപം നല്‍കിയിട്ടില്ല. താരിഫുകളുടെ വ്യാപ്തിയും ഉദ്ദേശ്യവും ഇപ്പോഴും ചര്‍ച്ചയിലാണ്.
ഏപ്രില്‍ 2ന് പുതിയ താരിഫുകള്‍ പുറത്തിറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വിദേശ സര്‍ക്കാരുകള്‍ മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥരെ ഇളവുകള്‍ക്കായി ലോബിയിംഗ് ചെയ്തുകൊണ്ട് ്‌നയതന്ത്ര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. തുടക്കത്തില്‍ അദ്ദേഹം സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി, ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നിരവധി ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചു. പിന്നീട് മെക്‌സിക്കോ, കാനഡ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് തീരുവ പ്രഖ്യാപിച്ചു, പക്ഷേ ബിസിനസുകളുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അദ്ദേഹം മാറ്റങ്ങള്‍ വരുത്തി.
തിങ്കളാഴ്ച, വ്യാപാര പങ്കാളികള്‍ക്ക് 'ഗണ്യമായ' താരിഫ് ചുമത്താനുള്ള തന്റെ ഉദ്ദേശ്യം ട്രംപ് വീണ്ടും സ്ഥിരീകരിച്ചു. എങ്കിലും ചില രാജ്യങ്ങള്‍ ഇളവുകള്‍ നേടിയേക്കാമെന്ന് അദ്ദേഹം സൂചന നല്‍കി.
മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും ഉള്‍പ്പെടെ വെനിസ്വേലയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് 25 ശതമാനം പുതിയ താരിഫ് അദ്ദേഹം പ്രഖ്യാപിച്ചു. ''വെനിസ്വേല അമേരിക്കയോടും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യങ്ങളോടും വളരെ ശത്രുത പുലര്‍ത്തുന്നു,'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ''വെനിസ്വേലയില്‍ നിന്ന് എണ്ണയോ വാതകമോ വാങ്ങുന്ന ഏതൊരു രാജ്യവും നമ്മുടെ രാജ്യവുമായി നടത്തുന്ന ഏതൊരു വ്യാപാരത്തിനും 25 ശതമാനം താരിഫ് നല്‍കാന്‍ നിര്‍ബന്ധിതരാകും എ്ന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച ഒപ്പുവച്ച പ്രസിഡന്റ് ഉത്തരവില്‍ താരിഫ് ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ നേരിട്ടും അല്ലാതെയും വാങ്ങുന്നവര്‍ക്ക് ഇത് വ്യാപകമായി ബാധകമാകുമെന്നും വ്യവസ്ഥ ചെയ്യുന്നു.
താരിഫ് നടപ്പാക്കല്‍ വേഗത്തിലാക്കുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ ട്രംപ് ഉദ്യോഗസ്ഥര്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.