വാഷിംഗ്ടണ്‍: ചൈന രഹസ്യമായി 2020ല്‍ ആണവ പരീക്ഷണം നടത്തിയതായി അമേരിക്കയുടെ ആരോപണം. റഷ്യയ്ക്കൊപ്പം ചൈനയെയും ഉള്‍പ്പെടുത്തുന്ന പുതിയതും വ്യാപകവുമായ ആയുധ നിയന്ത്രണ ഉടമ്പടിയുടെ ആവശ്യകതയും അമേരിക്ക മുന്നോട്ടുവച്ചു. അമേരിക്കയും റഷ്യയും തമ്മിലുള്ള മിസൈല്‍, ആണവ വാര്‍ഹെഡ് പരിധി നിശ്ചയിക്കുന്ന ഉടമ്പടി കാലാവധി കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് വാഷിംഗ്ടണിന്റെ ആരോപണം.
നൂറുകണക്കിന് ടണ്‍ ശേഷിയുള്ള പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ ചൈന ആണവ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തിയതായി യു എസ് സര്‍ക്കാരിന് വിവരം ലഭിച്ചതായി ജനീവയില്‍ നടന്ന നിരായുധീകരണ സമ്മേളനത്തില്‍ സംസാരിച്ച ആയുധ നിയന്ത്രണവും അന്തര്‍ദേശീയ സുരക്ഷയും സംബന്ധിച്ച യു എസ് അണ്ടര്‍ സെക്രട്ടറി തോമസ് ഡിനാനോ വെളിപ്പെടുത്തി.
ആണവ പരീക്ഷണ നിരോധന പ്രതിബദ്ധതകള്‍ ലംഘിക്കുന്നതാണെന്ന് ബോധ്യമായതിനാലാണ് ചൈന സ്ഫോടനങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതെന്നും ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത കുറയ്ക്കുന്നതിനുള്ള 'ഡികപ്ലിംഗ്' എന്ന രീതിയാണ് ലോകത്തില്‍ നിന്ന് പരീക്ഷണങ്ങള്‍ മറയ്ക്കാന്‍ ഉപയോഗിച്ചതെന്നും ഡിനാനോ ആരോപിച്ചു. 2020 ജൂണ്‍ 22ന് ഇത്തരമൊരു പരീക്ഷണം ചൈന നടത്തിയതായും അദ്ദേഹം പറഞ്ഞു.
ആണവ വിഷയങ്ങളില്‍ ചൈന ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് നിരായുധീകരണ വിഷയങ്ങളിലെ ചൈനീസ് അംബാസഡര്‍ ഷെന്‍ ജിയാന്‍ ഇതിന് മറുപടിയായി വ്യക്തമാക്കി. ആയുധ മല്‍സരം സൃഷ്ടിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയ്ക്കെതിരായ ആണവ ഭീഷണി ഉയര്‍ത്തിക്കാട്ടുന്ന തെറ്റായ പ്രചാരണങ്ങളെ ചൈന ശക്തമായി എതിര്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആണവ ആയുധ ശേഖരം നിയന്ത്രിക്കുന്ന ഉടമ്പടി കാലഹരണപ്പെട്ട സാഹചര്യത്തില്‍ ആണവ ചര്‍ച്ചകള്‍ പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്കയും റഷ്യയും ഏകാഭിപ്രായത്തിലാണെന്ന് ക്രെംലിന് അറിയിച്ചു. യുക്രെയ്ന് യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അബുദാബിയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചകളുടെ ഭാഗമായി ഇരുരാജ്യങ്ങളും ഉയര്‍ന്ന തലത്തിലുള്ള സൈനിക സമ്പര്‍ക്കങ്ങള്‍ പുന:രാരംഭിക്കുന്നതായും മോസ്കോ സ്ഥിരീകരിച്ചു.
ജനുവരി 27-ന് 'ഡൂംസ്ഡേ ക്ലോക്ക്' ആണവ ദുരന്ത ഭീഷണി വര്‍ധിച്ചതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് സെക്കന്റ് മുന്നോട്ട് നീങ്ങിയ ക്ലോക്ക് ഇപ്പോള്‍ അര്‍ധരാത്രിയിലേക്ക് 85 സെക്കന്റ് മാത്രം ശേഷിക്കുന്ന നിലയിലാണ്.
മനുഷ്യരാശി സ്വന്തം സാങ്കേതിക വിദ്യകളിലൂടെ, പ്രത്യേകിച്ച് ആണവ ആയുധങ്ങള്‍ മൂലം, സ്വയം നശിപ്പിക്കുന്നതിനോട് എത്ര അടുത്തിരിക്കുകയാണ് എന്നതിന്റെ സൂചികയാണ് ഡൂംസ്ഡേ ക്ലോക്ക്. ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ 'ബുള്ളറ്റിന് ഓഫ് ദ അറ്റോമിക് സയന്റിസ്റ്റ്സ്' ആരംഭിച്ച ഈ ക്ലോക്ക് ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നതെന്ന് സംഘടന അറിയിച്ചു.
