മിഡില്‍ ഈസ്റ്റില്‍ അതീവ ജാഗ്രത പാലിക്കാനും യാത്രകള്‍ പരമാവധി ഒഴിവാക്കാനും അമേരിക്കന്‍ പൗരന്മാര്‍ക്ക് യു എസ് യാത്രാ മുന്നറിയിപ്പ്

മിഡില്‍ ഈസ്റ്റില്‍ അതീവ ജാഗ്രത പാലിക്കാനും  യാത്രകള്‍ പരമാവധി ഒഴിവാക്കാനും അമേരിക്കന്‍ പൗരന്മാര്‍ക്ക് യു എസ് യാത്രാ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മേഖലയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യു എസ് എംബസികള്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

ഇറാനുമായുള്ള സംഘര്‍ഷം അപ്രതീക്ഷിതമായി കൂടുതല്‍ വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ മിഡില്‍ ഈസ്റ്റില്‍ കഴിയുന്ന അമേരിക്കക്കാര്‍ വിമാന സര്‍വീസുകള്‍ റദ്ദാകാനും വ്യോമപാതകള്‍ താത്ക്കാലികമായി അടയ്ക്കപ്പെടാനും യാത്രാ തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ടെന്ന് ജോര്‍ദാനിലെ യു എസ് എംബസി പുറത്തിറക്കിയ സുരക്ഷാ അറിയിപ്പില്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ യു എസ് എംബസിയും സമാന മുന്നറിയിപ്പ് പുറത്തിറക്കി. മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തുകയും യാത്രാ തടസ്സങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

ഈജിപ്തിലെ യു എസ് എംബസിയും ഇതേ സന്ദേശം ആവര്‍ത്തിച്ചു. മിഡില്‍ ഈസ്റ്റിന് പുറത്തുള്ള അമേരിക്കക്കാര്‍ ഈ മേഖലയിലേക്കോ മേഖലയിലൂടെ യാത്ര ചെയ്യുന്നതോ ഗൗരവമായി പുനഃപരിശോധിക്കണമെന്നും യാത്ര നിര്‍ബന്ധമാണെങ്കില്‍ വിമാനത്താവളങ്ങളുടെയും വിമാനക്കമ്പനികളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അമ്മാന്‍, ജറുസലേം, ബാഗ്ദാദ് എന്നിവിടങ്ങളിലെ യു എസ് നയതന്ത്ര ദൗത്യങ്ങളും സമാന മുന്നറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ യാത്രാ മുന്നറിയിപ്പ് പുറത്തുവന്നത്. ഈ വാരാന്ത്യത്തില്‍ തന്നെ സൈനിക ആക്രമണം ആരംഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്യാമ്പ് ഡേവിഡില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍, ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ 'വളരെ ശക്തമായ ആക്രമണം' നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന് സഹിക്കാനാകാത്ത സാഹചര്യം വരുമെന്നും ചര്‍ച്ചകള്‍ക്കിടെ തെഹ്‌റാന്‍ പലതവണ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്നും ട്രംപ് പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ വൈദ്യുതി നിലയങ്ങളും എണ്ണശുദ്ധീകരണശാലകളും ഉള്‍പ്പെടെയുള്ള ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യകക്ഷികളും സൈനിക ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് നിരവധി വൃത്തങ്ങളെ ഉദ്ധരിച്ച് സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണം നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ നിര്‍ദിഷ്ട സൈനിക നടപടിക്ക് പ്രസിഡന്റ് ട്രംപ് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.