എഥനോള്‍ കലര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ പെട്രോള്‍ വില ഉയരുമായിരുന്നെന്ന് കേന്ദ്രം

എഥനോള്‍ കലര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ പെട്രോള്‍ വില ഉയരുമായിരുന്നെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സമയത്ത് പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയിരുന്നില്ലെങ്കില്‍ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 125 രൂപയിലെത്തുമായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എഥനോള്‍ മിശ്രിത പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളറിലെത്തിയപ്പോള്‍ ആഭ്യന്തരമായി മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് വാങ്ങിയ എഥനോള്‍ പെട്രോളില്‍ 20 ശതമാനം (ഇ20) കലര്‍ത്തിയതിനാലാണ് ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 94.77 രൂപയ്ക്ക് ഇന്ധനം ലഭ്യമായത്.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ എണ്ണവിതരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സമീപഭാവിയില്‍ 100 ശതമാനം എഥനോള്‍ (ഇ100) ഉപയോഗത്തിലേക്ക് ഇന്ത്യ നീങ്ങണമെന്ന് കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, 2023 മാര്‍ച്ചിന് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് നിരവധി വാഹന ഉടമകളുടെ പരാതി.

താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരിക്കുന്ന ഒരൊറ്റ ധാന്യവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് എഥനോള്‍ ഉത്പാദനത്തിനായി മാറ്റിവയ്ക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുവിതരണ സംവിധാനം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, വിവിധ ക്ഷേമപദ്ധതികള്‍, നിര്‍ബന്ധിത ബഫര്‍ സ്റ്റോക്ക് എന്നിവയ്ക്കുള്ള ആവശ്യങ്ങള്‍ ആദ്യം നിറവേറ്റുമെന്നും അതിനുശേഷം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മിച്ചമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ധാന്യം മാത്രമാണ് എഥനോള്‍ ഉത്പാദനത്തിന് അനുവദിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ ധാന്യങ്ങള്‍, നുറുക്കരി, ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും എഥനോള്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നതെന്നും 'മാലിന്യത്തെ സമ്പത്താക്കി മാറ്റുകയാണ്' ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

എഫ് സി ഐയുടെ അരി എഥനോള്‍ നിര്‍മാതാക്കള്‍ക്ക് അസാധാരണമായി കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുവെന്ന ആരോപണവും കേന്ദ്രം നിഷേധിച്ചു.

എഫ് സി ഐ അരി എഥനോള്‍ ഉത്പാദനത്തിനുള്ള നിരവധി അംഗീകൃത അസംസ്‌കൃത വസ്തുക്കളില്‍ ഒന്ന് മാത്രമാണെന്നും അതിന്റെ വില നിശ്ചിത മാനദണ്ഡപ്രകാരമാണ് തീരുമാനിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

2025-26 എഥനോള്‍ വിതരണ വര്‍ഷത്തില്‍ ചോളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിന് ലിറ്ററിന് 71.86 രൂപയും കരിമ്പ് നീര്/ സിറപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് 65.61 രൂപയും എഫ് സി ഐ അരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് 60.32 രൂപയും സി-ഹെവി മൊളാസിസില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് 57.97 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ എഥനോള്‍ പദ്ധതി എഫ് സി ഐ അരിയെ മാത്രം ആശ്രയിച്ചുള്ളതല്ലെന്നും ലഭ്യമായ അംഗീകൃത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഉത്പാദനം നടക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ലോക്‌സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍, ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജില്‍ നേരിയ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നും ബി എസ്-3 നിലവാരത്തിലുള്ള പഴയ വാഹനങ്ങളിലെ ചില റബര്‍ ഭാഗങ്ങള്‍ മാറ്റേണ്ടിവരാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

ഇ20 പെട്രോള്‍ എന്‍ജിന് കേടുപാടുകള്‍ ഉണ്ടാക്കില്ലെന്നും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത പഠനത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എഥനോള്‍ മിശ്രിത പെട്രോള്‍ വാഹനങ്ങളുടെ ആക്‌സിലറേഷനും യാത്രാസുഖവും മെച്ചപ്പെടുത്തുകയും കാര്‍ബണ്‍ പുറന്തള്ളല്‍ ഏകദേശം 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എഥനോള്‍ നയത്തിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രചാരണം ആരംഭിച്ചു. ഡല്‍ഹിയിലെ ഗതാഗത തൊഴിലാളി സംഘടനകളും പദ്ധതിക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.