ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ഇളവ്; റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ അനുമതി നൽകി അമേരിക്ക

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ഇളവ്; റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ അനുമതി നൽകി അമേരിക്ക


വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിതരണത്തെ ബാധിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യാഴാഴ്ചയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം വ്യാപിച്ചതോടെ ആഗോള എണ്ണവിതരണത്തിൽ ഉണ്ടായ തടസ്സം കുറയ്ക്കുന്നതിനായാണ് ഈ നടപടിയെന്ന് ബെസന്റ് വ്യക്തമാക്കി. ആഗോള വിപണിയിൽ എണ്ണവിതരണം തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക അനുമതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണ ചരക്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് ഈ ഇളവ് ബാധകമാകുക. അതിനാൽ റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നും ബെസന്റ് കൂട്ടിച്ചേർത്തു.

അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണെന്നും  ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടംപ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആഗോള ഊർജ്ജ വിപണിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം മൂലമുണ്ടായ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുള്ള ഇടക്കാല നടപടിയാണ് ഇതെന്നും ബെസന്റ് വ്യക്തമാക്കി.

ഇതിന് മുമ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഉക്രൈനിലെ യുദ്ധത്തിന് മോസ്‌കോയ്ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്നുവെന്നായിരുന്നു അമേരിക്കയുടെ വാദം.

അതേസമയം ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ വലിയ സൈനികാക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായത്. അമേരിക്ക 'എപ്പിക് ഫ്യൂറി' എന്നും ഇസ്രയേൽ 'ലയൺസ് റോർ' എന്നും പേരിട്ട ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖാമനെയിയും മറ്റു നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇതിന് മറുപടിയായി ഇറാൻ ഇസ്രയേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ബഹ്രൈൻ, കുവൈത്ത്, യു.എ.ഇ., ഖത്തർ, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളും ഇറാന്റെ ആക്രമണ പരിധിയിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.