കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
2022 നവംബറില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായിരുന്ന ബോസ് തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഗവര്‍ണറുടെ ഓഫീസില്‍ താന്‍ മതിയായ സമയം ചെലവഴിച്ചു എന്ന് പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് മലയാളിയായ ബോസ് പറഞ്ഞു. റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് അദ്ദേഹം.
അതേസമയം, ഗവര്‍ണറുടെ അപ്രതീക്ഷിത രാജിയില്‍ താന്‍ അമ്പരന്നതായും ആശങ്കയിലാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. രാജിയുടെ യഥാര്‍ഥ കാരണം തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചില രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബോസിന് സമ്മര്‍ദ്ദം ചെലുത്തിയിരിക്കാമെന്നും മമത ബാനര്‍ജി സാമൂഹിക മാധ്യമത്തില്‍ ആരോപിച്ചു.
തമിഴ്‌നാട് ഗവര്‍ണറായ ആര്‍ എന്‍ രവിയെ പശ്ചിമ ബംഗാളിന്റെ അടുത്ത ഗവര്‍ണറായി നിയമിക്കുമെന്ന് അമിത് ഷാ തന്നെ അറിയിച്ചതായും അവര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെയും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ അടിസ്ഥാനത്തെയും ബാധിക്കുന്നതാണെന്നും മമത ബാനര്‍ജി ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിലോ മെയ് മാസത്തിലോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
