വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേരിക്കക്കും പങ്കുണ്ടാകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖംമേനിയുടെ മകന്‍ മുജ്തബ ഖംനേയിയെ അടുത്ത പരമോന്നത നേതാവായി സ്വീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാനില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ കഴിയുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുജ്തബ ഖംനേയിയെ 'ലൈറ്റ്വെയിറ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ് ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ താന്‍ പങ്കാളിയാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. വെനസ്വേലയിലെ രാഷ്ട്രീയ മാറ്റവുമായി താരതമ്യം ചെയ്താണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
ഖംനേയിയുടെ മരണത്തിനു ശേഷം ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണക്രമം അനുസരിച്ച് മുതിര്‍ന്ന ശിയ മതപണ്ഡിതന്മാരടങ്ങുന്ന അസംബ്ലി ഓഫ് എക്‌പേര്‍ട്‌സ് എന്ന സമിതിയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്.
അടുത്ത നേതാവായി പ്രഖ്യാപിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളത് ഖംനേയിയുടെ മകന്‍ മുജ്തബ ഖംനേയിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ള സ്വാധീനമുള്ള മതപണ്ഡിതനായി കണക്കാക്കപ്പെടുന്നു.
ട്രംപിന്റെ പ്രസ്താവന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ അമേരിക്ക ഇടപെടാന്‍ ശ്രമിക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
ഇറാന്‍ 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം മുതല്‍ തന്നെ അമേരിക്കയുടെ ശക്തമായ എതിരാളികളിലൊന്നായി തുടരുകയാണ്.
