അമേരിക്ക- ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി ചൈന

അമേരിക്ക- ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി ചൈന


ബീജിംഗ്: അമേരിക്ക, ഇസ്രയേല്‍- ഇറാന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമാധാനത്തിനായി മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചു. സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യത്തിന് ചൈനയും പിന്തുണ അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ ബീജിംഗ് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും എല്ലാ പക്ഷങ്ങളും നിയന്ത്രണം പാലിക്കണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. 

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഗള്‍ഫ് മേഖലയിലെ വിവിധ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. യു എ ഇ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായും അദ്ദേഹം ആശയവിനിമയം നടത്തി. യു എ ഇയുടെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ ചൈന പിന്തുണ നല്‍കുമെന്നും നയതന്ത്ര മാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യുദ്ധത്തിന്റെ വ്യാപനം ആരുടെയും താത്പര്യത്തിന് അനുകൂലമല്ലെന്നും അതിന്റെ ആഘാതം ജനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.

സമാധാനം സ്ഥാപിക്കാന്‍ പ്രത്യേക ദൂതനെ നിയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും ചൈന അറിയിച്ചു.

വാങ് യി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായും  കൂടിയാലോചന നടത്തി. സൗദി അറേബ്യയിലെ നിര്‍ണായകമായ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയ്ക്കെതിരായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ റിയാദ് കാണിച്ച സംയമനത്തെ ചൈന അഭിനന്ദിച്ചു. സംഘര്‍ഷം വ്യാപിക്കുന്നത് സൗദി അറേബ്യയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കുന്നതാണെന്നും അത്തരമൊരു സാഹചര്യം ചൈന ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ, ഒമാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ നേതാക്കളുമായി കൂടാതെ ഇറാനും ഇസ്രയേലുമായും വാങ് യി സംസാരിച്ചതായും ചൈന അറിയിച്ചു.

ഇതിനിടെ ഇറാനില്‍ നിന്ന് മൂവായിരത്തിലധികം ചൈനീസ് പൗരന്മാരെ ഒഴിപ്പിച്ചതായും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്ക- ഇറാന്‍- ഇസ്രയേല്‍  യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. യു എസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇതുവരെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 181 കുട്ടികളും ഉള്‍പ്പെടുന്നു. ഏകദേശം അയ്യായിരം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

നിയമത്തിന്റെ ആധിപത്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സൈനിക സംഘര്‍ഷം മാത്രം ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ലെന്നും യുക്രെയ്‌നിലായാലും പശ്ചിമേഷ്യയിലാലായും അതാണവസ്ഥയെന്നും പറഞ്ഞ മോഡി ഫിന്‍ലാന്റ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. 

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സൈപ്രസിലെ ബ്രിട്ടീഷ് എയര്‍ബേസിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നേറ്റോ രാജ്യങ്ങള്‍ ജാഗ്രത ശക്തമാക്കി. ഫ്രാന്‍സ്, ബ്രിട്ടന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. 

ഇറാന്‍ കപ്പലിനു നേരെ അമേരിക്ക നടത്തിയ ആക്രമണം കപ്പല്‍ ഇന്ത്യയുടെ 'അതിഥി' ആയിരിക്കെയാണെന്ന് ഇറാന്‍ ആരോപിച്ചെങ്കിലും ഫെബ്രുവരി 25 വരെ മാത്രമാണ് ആ പദവി ഉണ്ടായിരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.