സൈനിക കേന്ദ്രത്തില്‍ പാഴ്‌സലില്‍ വീണ്ടും വെള്ളപ്പൊടി

സൈനിക കേന്ദ്രത്തില്‍ പാഴ്‌സലില്‍ വീണ്ടും വെള്ളപ്പൊടി


വാഷിംഗ്ടണ്‍: ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലഭിച്ച സംശയാസ്പദമായ പാഴ്‌സല്‍ തുറന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ അസ്വസ്ഥരായതായി റിപ്പോര്‍ട്ടുകള്‍. പാഴ്‌സലിനുള്ളില്‍ വെള്ളപ്പൊടി കണ്ടെത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബേസിലെ ഒരു കെട്ടിടത്തില്‍ ഒരാള്‍ പാഴ്‌സല്‍ തുറന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് അസുഖലക്ഷണങ്ങള്‍ പ്രകടമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ വലയവും സജ്ജമാക്കിയതായി ജോയിന്റ് ബേസ് ആന്‍ഡ്രൂസ് അറിയിച്ചു. 

പാഴ്‌സല്‍ തുറന്ന കെട്ടിടത്തില്‍ എയര്‍ നാഷണല്‍ ഗാര്‍ഡ് റെഡിനസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

മെരിലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ സൈനിക താവളം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പതിവായി യാത്രകള്‍ക്കായി ഉപയോഗിക്കുന്നതുമാണ്.

സംഭവത്തെ തുടര്‍ന്ന് അസുഖലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ മാല്‍ക്കം ഗ്രോവ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി തല്‍ക്ഷണ ഭീഷണി ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്ഥലം ഓഫീസ് ഓഫ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഏറ്റെടുത്തു. അന്വേഷണം തുടരുകയാണെന്ന് ബേസ് അധികൃതര്‍ അറിയിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് പറയുന്നു.

ആദ്യഘട്ട പരിശോധനകള്‍ നടത്തിയ ഹാസ്മാറ്റ്  സംഘം യാതൊരു അപകടകരമായ രാസവസ്തുക്കളും കണ്ടെത്തിയില്ല. എന്നാല്‍ ബേസില്‍ പലരും അസുഖമായതിനെ തുടര്‍ന്ന് ഭീതിയുള്ള അന്തരീക്ഷം നിലനില്‍ക്കുകയാണ്. പാഴ്‌സലിനടുത്തിരുന്നവരുടെ ആരോഗ്യനില വ്യക്തമാകുമ്പോള്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍L സ്വഭാവം വ്യക്തമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.