ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) ഉപമേധാവിയുമായ ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലാഹോറില്‍ അന്തരിച്ചു.
2008-ല്‍ 175 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകനായ മക്കി ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരന്‍ കൂടിയായിരുന്നു. 2023 ജനുവരിയില്‍ ഐക്യരാഷ്ട്രസഭ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ദിവസങ്ങളായി മക്കിക്ക് സുഖമില്ലായിരുന്നുവെന്നും ഉയര്‍ന്ന പ്രമേഹത്തിന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ജെയുഡി പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം അനുഭവപ്പെട്ട മക്കി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചതെന്ന് ജെയുഡി നേതാക്കളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
മക്കിയെ 2019 മെയ് മാസത്തില്‍ പാകിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ലാഹോറില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 2020-ല്‍, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് പാകിസ്ഥാന്‍ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
26/11 ആക്രമണത്തിന് പുറമേ 2000 ഡിസംബര്‍ 22ലെ ചെങ്കോട്ട ആക്രമണത്തില്‍ പങ്കെടുത്തതിന് മക്കിയെ ഇന്ത്യന്‍ സുരക്ഷാ സേന അന്വേഷണം നടത്തിയിരുന്നു. ആറ് ലഷ്‌കര്‍ ഇ തൊയ്യിബ പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്ക് കുതിക്കുകയും അവിടെ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
2010 നവംബറില്‍ യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ തീവ്രവാദികളുടെ പട്ടികയില്‍ മക്കിയെ ഉള്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത് ഇന്ത്യയ്ക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളാണ്.