അക്തൗ: യാത്രാ വിമാനം തകര്‍ന്നത് റഷ്യന്‍ ആക്രമണമാകാം എന്ന വാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേ കസഖ്സ്ഥാനിലെ അക്തൗവിലാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ യാത്രക്കാരും എയര്‍ലൈന്‍സ് ജീവനക്കാരും ഉള്‍പ്പെടെ 38 പേര്‍ മരിച്ചു. വിമാനത്തില്‍ ആകെ 67 യാത്രക്കാരുണ്ടായിരുന്നത്. ഇതിന് പുറമെ അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. രക്ഷപ്പെട്ട 29 പേര്‍ പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരതരമാണ്.
അപകടത്തിന് പിന്നാലെ ബാക്കുവില്‍ നിന്നും റഷ്യയിലേക്ക് സര്‍വ്വീസ് നടത്തേണ്ടിയിരുന്ന 8 വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായും എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു. 'അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനം അപകടത്തില്‍പെട്ടതു കൊണ്ടാണ് റഷ്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനം അപകടപ്പെടുന്നതിലേക്ക് നയിച്ചത്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സര്‍വ്വീസ് റദ്ദ് ചെയ്യുന്നത് തുടരും' അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു.
യാത്രക്കാരുടെ ഇന്‍ഷൂറന്‍സ് തുക അടക്കമുള്ള നഷ്ടപരിഹാരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. റഷ്യയുടെ മിസൈലുകള്‍ പതിച്ചാണ് വിമാനം തകര്‍ന്ന് വീണതെന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. ഇതിന് ഇടയിലാണ് അപകടത്തിന് കാരണം ബാഹ്യ ഇടപെടലാണെന്ന വിമാന കമ്പനിയുടെ പ്രതികരണവും വരുന്നത്. അതോടൊപ്പം തന്നെ യുക്രെയന്‍ ഡ്രോണ്‍ ആക്രമണം ശക്തമായ മേഖല വഴിയാണ് അസര്‍ബൈജാന്‍ വിമാനം യാത്ര ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
വിമാനം തകര്‍ന്നത് തങ്ങളുടെ മിസൈല്‍ ആക്രമണത്തിലാണെന്ന ആരോപണം നിഷേധിച്ച് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ തങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കുന്നത്. പാന്റ്‌സിര്‍-എസ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്ന് തൊടുത്ത റഷ്യന്‍ മിസൈലാണ് വിമാനം തകര്‍ത്തതെന്ന് കരുതുന്നതായി സര്‍ക്കാര്‍ അനുകൂല അസര്‍ബൈജാനി വെബ്സൈറ്റ് കാലിബര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബ്രോഡ്കാസ്റ്റര്‍ യൂറോ ന്യൂസ്, തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു തുടങ്ങിയവയും റഷ്യയുടെ പങ്ക് സംശയിച്ചുകൊണ്ട് രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ രംഗത്ത് വന്നത്.
യാത്രാവിമാനം തകര്‍ന്നതിനുപിന്നില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് വിശദീകരിച്ച് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്