വാഷിംഗ്ടണ്‍ : ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിവയ്ക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സുപ്രീം കോടതിയോടാണ് ട്രംപിന്റെ അഭ്യര്‍ത്ഥന.
കമ്പനിയുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഒരു തീരുമാനമുണ്ടാകുന്നതു വരെ നടപടി സ്വീകരിക്കരുതെന്ന് ട്രംപ് കോടതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ നീക്കങ്ങളിലൂടെ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.
അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി 'പ്രൊട്ടക്റ്റിങ് അമേരിക്കന്‍സ് ഫ്രം ഫോറിന്‍ അഡ്വേഴ്സറി കണ്‍ട്രോള്‍ഡ് ആപ്ലിക്കേഷന്‍സ് ആക്ട്' എന്ന ബില്ലും പ്രതിനിധി സഭ പാസാക്കി.
ബെയ്ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം. ബൈറ്റ്ഡാന്‍സ് അവരുടെ ഓഹരികള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരികയോ ചെയ്യുമെന്നാണ് അമേരിക്ക പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനായി സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാപനത്തെ കണ്ടെത്താന്‍ ആറ് മാസത്തെ സമയമായിരുന്നു അമേരിക്ക ചൈനീസ് കമ്പനിക്ക് നല്‍കിയത്.
ഈ കാലാവധി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്ന 2025 ജനുവരി 20ന് ഒരു ദിവസം മുന്‍പാണ് അവസാനിക്കുക. ഈ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കാന്‍ ബൈറ്റ്ഡാന്‍സിന് കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍.
ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. സോളിസിറ്റര്‍ ജനറലായി ട്രംപ് നിയമിച്ച ജോണ്‍ സൗര്‍ ഇത് സംബന്ധിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ വിലക്കില്ലെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടിക് ടോക്ക് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും അമേരിക്കയില്‍ നേരത്തെ ഉടലെടുത്തിരുന്നു. ടിക് ടോക്കിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്ക് തനിക്ക് എത്താന്‍ സാധിച്ചുവെന്നും അതുകൊണ്ട് ആപ്പിന് കുറച്ചുകാലത്തേക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് അരിസോണയില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞിരുന്നു.
സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2020ലാണ് ഇന്ത്യ ടിക് ടോക് നിരോധിച്ചത്. ബ്രിട്ടണ്‍, കാനഡ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് വിഭാഗം ഉള്‍പ്പടെ ടിക് ടോക്കിനെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഡിവൈസുകളില്‍ ഉപയോഗിക്കുന്നതിനെയും വിലക്കിയിട്ടുണ്ട്.
ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്