കറാച്ചി: ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പാകിസ്താന്‍ വഴി യു എ ഇയിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നാഷനല്‍ ലോജിസ്റ്റിക്‌സ് കോര്‍പ്പറേഷന്‍ (എന്‍എല്‍സി) മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ റൂട്ടിയേഴ്സ് (ടിഐആര്‍) സേവനം ഉപയോഗപ്പെടുത്തിയാണ് ചൈനയെ യു എ ഇയുമായി ഖുഞ്ചെറാബ് പാസ് വഴി ബന്ധിപ്പിക്കുന്നത്.
ആഗോള ട്രാന്‍സിറ്റ് സംവിധാനമായ ടിഐആര്‍ പ്രകാരം സീല്‍ ചെയ്ത ചരക്കുകള്‍ ഉത്ഭവ രാജ്യത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സീല്‍ ചെയ്ത ലോഡ് കമ്പാര്‍ട്ടുമെന്റുകളില്‍ അയക്കാന്‍ അനുവദിക്കും. ഇതിന് ഗതാഗത സമയത്ത് കസ്റ്റംസ് അധികാരികളുടെ മാനുവല്‍ പരിശോധന ആവശ്യമില്ല.
ചൈനയിലെ കഷ്ഗറില്‍ നിന്ന് ഖുഞ്ചെറാബ് ചുരം വഴി സോസ്റ്റിലേക്കാണ് ഷിപ്പ്‌മെന്റ് ആദ്യമെത്തിയത്. തുടര്‍ന്ന് ഗവാദറിലേക്ക് അയച്ച ചരക്ക് അവിടെ നിന്നാണ് യു എ ഇയിലേക്ക് പോകുന്നത്.
ചൈനയില്‍ നിന്നുള്ള ആദ്യത്തെ കണ്ടെയ്നര്‍ വന്നത് ആഘോഷമാക്കാന്‍ ഹുന്‍സയിലെ സോസ്റ്റില്‍ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ കസ്റ്റംസ് അസിസ്റ്റന്റ് കളക്ടര്‍ ഇംതിയാസ് ഷിഗ്രി, ഗില്‍ജിത്, ഹുന്‍സ, നഗര്‍ എന്നിവിടങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, വ്യാപാരികള്‍, കസ്റ്റംസ്, എന്‍എല്‍സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ചൈനയെ പാകിസ്ഥാന്‍ വഴി യു എ ഇയുമായി ബന്ധിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ ടിഐആര്‍ സേവനത്തിന്റെ വിജയകരമായ സമാരംഭം പ്രാദേശിക കണക്റ്റിവിറ്റി വര്‍ധിപ്പിക്കുമെന്ന് എന്‍എല്‍സി പറഞ്ഞു.
ട്രാന്‍സിറ്റ് ഹബ് എന്ന നിലയില്‍ പാകിസ്ഥാന്റെ പ്രാധാന്യത്തിന് ഈ പദ്ധതി അടിവരയിടുന്നതായും അധികൃതര്‍ പറഞ്ഞു.
കുറഞ്ഞ കസ്റ്റംസ് ഇടപെടലുകളോടെ അതിര്‍ത്തികളിലൂടെ ചരക്കുകളുടെ തടസ്സങ്ങളില്ലാത്ത ചലനം സാധ്യമാക്കുന്നതാണ് ടിഐആര്‍.
ബഹുമുഖ വ്യാപാര ചട്ടക്കൂടില്‍ പാക്കിസ്ഥാന്‍ ചേരുന്നതോടെ പ്രാദേശിക വ്യാപാര, സാമ്പത്തിക ഏകീകരണത്തിനുള്ള നിര്‍ണായക ഇടനാഴിയായി രാജ്യത്തെ സ്ഥാപിക്കുമെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.
ടിഐആര്‍ സംവിധാനത്തിലൂടെ മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികള്‍ പാകിസ്ഥാന്‍ പര്യവേക്ഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ ടിഐആര്‍ ഷിപ്പ്മെന്റ് പ്രവാഹം ഖുഞ്ചെറാബ് ചുരം വഴിയുള്ള വ്യാപാരത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരയും കടലും ഉപയോഗപ്പെടുത്തി ചരക്കുകള്‍ കയറ്റി അയക്കുന്നതാണ് മള്‍ട്ടിമോഡല്‍ സൊല്യൂഷന്‍ എന്നതെന്ന് എന്‍എല്‍സി ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനുമായി ഖുഞ്‌ജെറാബ് ചുരം വഴി വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.