പുതുവര്‍ഷ തലേന്ന് യുവാവിനെ കുത്തിക്കൊന്നത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍

പുതുവര്‍ഷ തലേന്ന് യുവാവിനെ കുത്തിക്കൊന്നത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍


തൃശൂര്‍: പുതുവര്‍ഷത്തലേന്ന് നഗരത്തില്‍ പാലസ് റോഡിനു സമീപം യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 8.45 നായിരുന്നു സംഭവം.

മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് കുട്ടികള്‍ ആരോപിച്ചു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെന്നും രാത്രി ഇവര്‍ ഒരുമിച്ചു നടക്കുന്നതിനെ ലിവിന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലും കൊലപാതകത്തിലും എത്തിച്ചതെന്നും പറയപ്പെടുന്നു.