ഏപ്രില്‍ ഒന്നു മുതല്‍ യാത്രക്കാരുടെ എല്ലാ വിവരങ്ങളും എയര്‍ലൈനുകള്‍ കസ്റ്റംസിന് നല്‍കും

ഏപ്രില്‍ ഒന്നു മുതല്‍ യാത്രക്കാരുടെ എല്ലാ വിവരങ്ങളും എയര്‍ലൈനുകള്‍ കസ്റ്റംസിന് നല്‍കും


മുംബൈ: ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലേക്കോ പുറത്തേക്കോ പറക്കുന്ന എല്ലാ എയര്‍ലൈനുകളും ട്രാന്‍സിറ്റ് ഉള്‍പ്പെടെ എല്ലാ യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്റെയും വിശദാംശങ്ങള്‍ റിസ്‌ക് വിശകലനത്തിനായി ഇന്ത്യന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും. 

എല്ലാ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാരും ജനുവരി 10-നകം നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചറില്‍ (എന്‍സിടിസി-പാക്‌സ്) രജിസ്റ്റര്‍ ചെയ്യണം.  ഫെബ്രുവരി 10നകം ചില എയര്‍ലൈനുകളില്‍ ഈ സംവിധാനം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമെന്നും അറിയിച്ചു. ജിഡിഎസ് (ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) വഴി സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനികളുടെ തിയ്യതി ജൂണ്‍ 1 ആയിരിക്കും.

ഒക്ടോബര്‍ 22-ലെ പുതുക്കിയ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, ''ഓരോ വിമാന ഓപ്പറേറ്ററും പുറപ്പെടുന്ന സമയത്തിനും വീല്‍സ് ഓഫ് സമയത്തിനും 24 മണിക്കൂറിന് മുമ്പായി യാത്രക്കാരുടെ പേര് റെക്കോര്‍ഡ് വിവരങ്ങള്‍ കൈമാറണം.'' നിയമം പാലിച്ചില്ലെങ്കില്‍ ഓരോ ലംഘനത്തിനും 25,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കും.

2017ലെ ഫിനാന്‍സ് ആക്ടിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം നടപ്പിലാക്കുന്നത്. യാത്രക്കാര്‍ വ്യക്തിഗതമായി ഒരു വിവരവും കസ്റ്റംസിന് സമര്‍പ്പിക്കേണ്ടതില്ലെന്നും ഈ നിയന്ത്രണങ്ങളുടെ പേരില്‍ എയര്‍ലൈനുകള്‍ക്ക് അധിക വിവരങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും സിബിഐസി അറിയിച്ചു. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ സംബന്ധിച്ച ഷിക്കാഗോ കണ്‍വെന്‍ഷന്റെ കീഴില്‍ എയര്‍ലൈനുകള്‍ ഇതിനകം തന്നെ ഈ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കൂടാതെ, ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍, സ്വര്‍ണ്ണം, ആയുധങ്ങള്‍, വെടിമരുന്ന് മുതലായവയുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കസ്റ്റംസ് അധികാരികളുടെ കണ്ടെത്തല്‍, തടയല്‍, അന്വേഷണ കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍.

യാത്രക്കാരുമായി ബന്ധപ്പെട്ട 19 തരം വിവരങ്ങളാണ് എയര്‍ലൈന്‍സ് നല്‍കേണ്ടത്. ഇതില്‍ ലഭ്യമായ പതിവ് യാത്രക്കാരുടെയും ആനുകൂല്യ വിവരങ്ങളും (സൗജന്യ ടിക്കറ്റുകള്‍, അപ്ഗ്രേഡുകള്‍ മുതലായവ), പി എന്‍ ആറിലെ മറ്റ് പേരുകള്‍, പി എന്‍ ആറിലെ യാത്രക്കാരുടെ എണ്ണം, ഇമെയില്‍, ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ വിവരങ്ങളും റിസര്‍വേഷന്‍ നടത്തിയ വ്യക്തി ഉള്‍പ്പെടെ ലഭ്യമായ എല്ലാ കോണ്‍ടാക്റ്റുകളും എന്നിവ ഉള്‍പ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ പേയ്മെന്റ്/ ബില്ലിംഗ് വിവരങ്ങളും ട്രാവല്‍ ഏജന്‍സി/ ട്രാവല്‍ ഏജന്റ്, കണ്‍ഫര്‍മേഷനും ചെക്കിന്‍ ഇന്‍ നിലയും ഉള്‍പ്പെടെ യാത്രക്കാരുടെ യാത്രാ നില, ബാഗേജ് വിവരങ്ങള്‍, സീറ്റ് വിവരങ്ങള്‍, പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. 

കസ്റ്റംസ് ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും പ്രോസിക്യൂഷന്‍ ചെയ്യുന്നതിനുമായി എന്‍സിടിസി-പാക്‌സ് ഈ വിശദാംശങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് സംഭരിക്കും. നിയമ നിര്‍വ്വഹണ ഏജന്‍സികളുമായോ സര്‍ക്കാര്‍ വകുപ്പുകളുമായോ വിദേശ സര്‍ക്കാരുകളുമായോ പോലും വിവരങ്ങള്‍ പങ്കിടേണ്ടതാണ്. എന്നിരുന്നാലും, ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ ഡേറ്റ തേടുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടതുണ്ട്.

കസ്റ്റംസ് നിയുക്ത സംവിധാനം വഴി ലഭിക്കുന്ന യാത്രക്കാരുടെ പേര് രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കര്‍ശനമായ വിവര സ്വകാര്യതയ്ക്കും നിയമപ്രകാരമുള്ള സംരക്ഷണത്തിനും വിധേയമായിരിക്കുമെന്നും അറിയിച്ചു. 

ഒരു വ്യക്തിയുടെ വംശം അല്ലെങ്കില്‍ വംശീയ ഉത്ഭവം, രാഷ്ട്രീയ അഭിപ്രായങ്ങള്‍, മതം അല്ലെങ്കില്‍ ദാര്‍ശനിക വിശ്വാസങ്ങള്‍, ട്രേഡ് യൂണിയന്‍ അംഗത്വം, ആരോഗ്യം, ലൈംഗിക ജീവിതം അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം എന്നിവ വെളിപ്പെടുത്തുന്ന പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നത് അനുവദിക്കില്ല. 'പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് വിവരങ്ങള്‍ സ്വീകരിക്കുകയും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ദേശീയ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചര്‍ വഴി യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സ്വകാര്യത പരിരക്ഷിക്കുന്നതിന് ശക്തമായ നടപടിക്രമം സ്ഥാപിച്ച്, ശരിയായ രീതിയില്‍ അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ആക്‌സസ് ചെയ്യാവുന്ന ഒരു സുരക്ഷിത സംവിധാനത്തിലാക്കുകയും ചെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു.