34 ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറെന്ന് ഹമാസ്, പക്ഷേ 'ജീവിച്ചിരിപ്പുണ്ടോ മരിച്ചോ' എന്ന് ഉറപ്പില്ല

34 ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറെന്ന് ഹമാസ്, പക്ഷേ 'ജീവിച്ചിരിപ്പുണ്ടോ മരിച്ചോ' എന്ന് ഉറപ്പില്ല


ജറുസലേം: ഇസ്രായേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ 'ആദ്യ ഘട്ടത്തില്‍' 34 ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ വക്താവ് അറിയിച്ചു.

ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹമാസിന്റെ പ്രസ്താവന.

കരാറിന്റെ ആദ്യ ഘട്ടത്തില്‍ ബന്ദികളില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ മോചിപ്പിക്കുമെന്ന് പേരുവെളിപ്പെടുത്താതെ സംസാരിച്ച ഹമാസ് പ്രതിനിധി വെളിപ്പെടുത്തി.

തടവുകാരുടെ കൈമാറ്റ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇസ്രായേല്‍ അവതരിപ്പിച്ച പട്ടികയില്‍ നിന്ന് 34 ഇസ്രായേലി തടവുകാരെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചു.

എന്നാല്‍, ബന്ദികള്‍ 'ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ' എന്നത് നിര്‍ണ്ണയിക്കാന്‍ ഒരാഴ്ചത്തെ സാവകാശം ആവശ്യമാണെന്ന് സംഘം പറഞ്ഞു.  

ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ 34 തടവുകാരെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

'എന്നിരുന്നാലും, തട്ടിക്കൊണ്ടുപോയവരുമായി ആശയവിനിമയം നടത്താനും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാനും സംഘത്തിന് ഒരാഴ്ചത്തെ സാവകാശം ആവശ്യമാണ്'.


ഇസ്രായേലിന്റെ സൈന്യം പറയുന്നതനുസരിച്ച്, ഗാസയില്‍ ഇപ്പോഴും ബന്ദികളാക്കപ്പെട്ട 96 പേരില്‍ 34 പേര്‍ മരിച്ചതായി കരുതപ്പെടുന്നു. മോചിതരാകാന്‍ സാധ്യതയുള്ള ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് സൂചിപ്പിച്ചു.

അതേസമയം, ഇസ്രായേലില്‍, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. ഖത്തറില്‍ ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ച  ഇസ്രായേല്‍ പ്രതിനിധി സംഘം പുറപ്പെട്ട വിവരവും മന്ത്രി അറിയിച്ചു.

ഒക്ടോബര്‍ 7 ആക്രമണവും ഇന്നുവരെയുള്ള മരണങ്ങളും  

2023 ഒക്ടോബര്‍ 7 ന് 1,208 പേര്‍ കൊല്ലപ്പെട്ട, ഇസ്രായേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്, കൂടുതലും സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയുടെ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും പറയുന്നതനുസരിച്ച്, ഇസ്രായേലിന്റെ പ്രതികാര സൈനിക നീക്കത്തില്‍ ഗാസയില്‍ 45,805 പേര്‍ കൊല്ലപ്പെട്ടു, അതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.