ന്യൂഡല്‍ഹി: പശ്ചിമചൈനയില്‍ നേപ്പാളിന് സമീപം ടിബറ്റില്‍ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു. 95 പേര്‍ കൊല്ലപ്പെട്ടതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവിയിലുടെ രാജ്യത്തെ അടിയന്തര മന്ത്രാലയം വ്യക്തമാക്കി.
38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ചര്‍ സ്‌കെയിലില്‍ 6.8തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും അനുഭവപ്പെട്ടു.
സ്വയംഭരണപ്രദേശമായ ടിബറ്റ് മേഖലയില്‍ ചാങ്‌സുവോ, ക്വില്‍വോ, കുവോഗുവോ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഡിഗ്രി കൗണ്ടിയിലാണ് 6.8 തീവ്രത രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ചൈന ഭൂചലന നെറ്റ് വര്‍ക്ക് സെന്റര്‍ അറിയിച്ചു.
ഡിന്‍ഗ്രിയില്‍ ചില വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് സിന്‍ഹുവയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക അധികൃതര്‍ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് അപകടത്തിന്റെ തീവ്രത വിലയിരുത്താന്‍ ശ്രമിക്കുകയാണ്. ചൈനയിലുള്ള എവറസ്റ്റ് കൊടുമുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ടിബറ്റില്‍ 62000 ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. പ്രദേശത്ത് ഭൂകമ്പങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നത്തേത്. 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് ബാധിച്ചിട്ടുണ്ട്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.35ഓടെയാണ് റിക്ചര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്
ടിബറ്റും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലബൂച്ചയില്‍ നിന്ന് 93 കിലോമീറ്റര്‍ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഇതിന് 200 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള കാഠ്മണ്ഡുവില്‍ പോലും കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു.
നാശനഷ്ടങ്ങളെയും ആളപായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനങ്ങള്‍ സുരക്ഷിതത്വത്തിനായി വീടിന് പുറത്തിറങ്ങി. തൊട്ടടുത്ത ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
നേപ്പാളിലും ടിബറ്റിലും ഭൂചലനം: ടിബറ്റില്‍ മരണം 95 ആയി