വാഷിംഗ്ടണ്‍: കാനഡ പ്രധാനമന്ത്രി രാജി വച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ശ്രമം നടത്തുന്നതിനിടയില്‍ കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഭൂപടത്തിന്റെ പോസ്റ്റുമായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രത്തിനൊപ്പം 'ഓ കാനഡ!' എന്ന അടിക്കുറിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.
ട്രംപിന്റെ നടപടിക്കു പിന്നാലെ ഉള്ളടക്കത്തെ എതിര്‍ത്ത് കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി രംഗത്തു വന്നു. പോസ്റ്റില്‍ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറല്‍ പാര്‍ട്ടി പങ്കുവെച്ചിരിക്കുന്നത്. ആശയക്കുഴപ്പമുളളവര്‍ക്ക് മനസിലാക്കുന്നതിനുവേണ്ടി എന്ന അടിക്കുറിപ്പ് ചിത്രത്തിന് ലിബറല്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ എതിര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്തെത്തിയിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ വ്യാപര ബന്ധമുണ്ട്. തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ട്രൂഡോ എക്‌സില്‍ കുറിച്ചു. കാനഡയെക്കുറിച്ചുള്ള പൂര്‍ണമായ ധാരണയില്ലായ്മയാണ് ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും പ്രതികരിച്ചു.
കാനഡയിലുളള നിരധി ആളുകളാണ് 51-ാമത്തെ സംസ്ഥാനം ഇഷ്ടപ്പെടുന്നത്. കാനഡയില്‍ തുടരേണ്ട വ്യാപാര കമ്മികളും സബ്സിഡികളും അമേരിക്കയ്ക്ക് ഇനി അനുഭവിക്കാന്‍ കഴിയില്ല. അമേരിക്കയ്ക്ക് ഇനി അനുഭവിക്കാന്‍ കഴിയില്ല. അതിനാലാണ് അദ്ദേഹം രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് കാനഡയെ പൂര്‍ണ്ണമായും സംരക്ഷിക്കും. ഒരുമിച്ച് നിന്നാല്‍ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നും' തന്റെ ട്രൂത്ത് അക്കൗണ്ടില്‍ ട്രംപ് കുറിച്ചിരുന്നു.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ (2017-2021) കാലത്ത് ട്രൂഡോയും ട്രംപും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കുന്ന ഭൂപടവുമായി ട്രംപ് സോഷ്യല്‍ മീഡിയയില്‍; എതിര്‍പ്പുമായി കനേഡിയന്‍ ഭരണകക്ഷി