ലോസാഞ്ചലസിലെ കാട്ടുതീയില്‍ 5 മരണം; ആയിരത്തോളം കെട്ടിടങ്ങളും നിരവധി വാഹനങ്ങളും കത്തിനശിച്ചു

ലോസാഞ്ചലസിലെ കാട്ടുതീയില്‍ 5 മരണം; ആയിരത്തോളം കെട്ടിടങ്ങളും നിരവധി വാഹനങ്ങളും കത്തിനശിച്ചു


ലോസാഞ്ചലസ്: ലോസാഞ്ചലസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയില്‍ വ്യാപക നാശം. ഇതുവരെ 5 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീടുകളുള്‍പ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.

2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഗ്യാസ് സ്‌റ്റേഷനുകള്‍ പൂട്ടിയത് 15000 ത്തോളം ആളുകളെ ബാധിച്ചു. കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ മൊത്തം 10,600 ഏക്കറില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്.

ലോസ് ഏഞ്ചല്‍സ് കൗണ്ടി ഉദ്യോഗസ്ഥനായ ലിന്‍ഡ്‌സെ ഹോര്‍വത്തും സഹപ്രവര്‍ത്തകരും തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കാണാന്‍ ഒഴിപ്പിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
അടിയന്തര സേവനങ്ങളും ഇന്‍ഷുറന്‍സും എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദേശവാസികള്‍ക്കായി ഹോര്‍വത്ത് പങ്കിട്ടു.
ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ സാന്‍ വിസെന്റിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ പാര്‍ക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായത്. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടന്‍ ജെയിംസ് വുഡ്‌സ് 'എക്‌സി'ല്‍ കുറിച്ചു. പാലിസേഡ്‌സിലെ തീപിടുത്തത്തില്‍ ഹോളിവുഡ് ഇതിഹാസം വില്‍ റോജേഴ്‌സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തിനശിച്ചു.
പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബുവിലെ ഒരു ഐക്കോണിക് സീഫുഡ് ഷാക്കും മത്സ്യ മാര്‍ക്കറ്റും കത്തിനശിച്ചു.
മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. വരണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പുനല്‍കിയിരുന്നു. അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

കാട്ടുതീയില്‍ നിന്നുള്ള പുക ഹൃദയാഘാതത്തിനും ആസ്ത്മ വഷളാകുന്നതിനും കാരണമാകും. തണുപ്പു കാലത്തെ പനി സീസണ്‍ കാരണം ആശുപത്രികള്‍ ഇതിനകം നിറഞ്ഞിരിക്കുകയാണ്. കാട്ടു തീയുടെ പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന രോഗികള്‍ എമര്‍ജന്‍സി റൂമുകളില്‍ നിറയുന്നു എന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസിസ്റ്റന്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പുനീത് ഗുപ്ത പറഞ്ഞു.

'നിരവധി ആശുപത്രികള്‍ ഭീഷണി നേരിടുന്നു, അവ ഒഴിപ്പിക്കേണ്ടിവന്നാല്‍ അത് ഒരു പ്രതിസന്ധിയായി മാറിയേക്കാം,' അമേരിക്കന്‍ കോളജ് ഓഫ് എമര്‍ജന്‍സി ഫിസിഷ്യന്‍സിന്റെ വക്താവ് കൂടിയായ ഗുപ്ത പറഞ്ഞു.
അതേസമയം, ടെക്‌സസ്, ഒക്‌ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രതയായിരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതിനിടയില്‍ കാട്ടുതീയുടെ മറവില്‍ വീടുകളും കടകളും കൊള്ളചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് പിടികൂടി.