ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ഇല്ല; ജയിലിലേയ്ക്ക്

ലൈംഗികാധിക്ഷേപ കേസില്‍  ബോബി ചെമ്മണ്ണൂരിന് ജാമ്യം ഇല്ല; ജയിലിലേയ്ക്ക്


കൊച്ചി: നടി ഹണിറേസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ തലകറങ്ങി വീണു.

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും, ബോബി ചെമ്മണ്ണൂര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും, അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും, താന്‍ പൊതുവേദിയില്‍ നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ കോടതിയിലെ പ്രധാനവാദങ്ങള്‍. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോള്‍ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്‌ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.

മഹാഭാരതത്തിലെ കുന്തി ദേവിയോട് ആണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. മഹാഭാരതത്തില്‍ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താന്‍ ഉദ്ദേശിച്ചത് എന്നും, ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു. മാര്‍ക്കറ്റിംഗ് & പ്രൊമോഷന്‍ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താന്‍ നടിയെ കയറി പിടിച്ചിട്ടില്ല, ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തില്‍ സ്പര്‍ശിച്ചത്, പരിപാടി കഴിഞ്ഞപ്പോള്‍ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയില്‍ പ്രതിഭാഗം പറഞ്ഞു. നടി തന്നെ അവരുടെ ഫെയ്‌സ്ബുക്കില്‍ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങള്‍ പങ്കുവെച്ചെന്നും, ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയില്‍ ഹാജരാക്കി. നടിയുടെ പരാതിയില്‍ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഒരുപാട് പേര്‍ക്ക് ജോലി നല്‍കുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കില്ലെന്നും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ ഉറപ്പ് നല്‍കി.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പും, നിര്‍ണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയില്‍ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്. മൊബൈല്‍ ഫോണ്‍ അടക്കം കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിര്‍ബന്ധമില്ല എന്നും, ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.'മാലയുടെ പിന്‍വശം കാണൂ എന്ന് പറഞ്ഞത് ദ്വായര്‍ത്ഥ പ്രയോഗമാണ്' അത്തരമൊരു പരാമര്‍ശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. നിരവധി തവണ ആ വീഡിയോ മോശം രീതിയില്‍ പ്രചരിച്ചു. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലും ബോബി അശ്ലീലച്ചുവയോടെ നടിക്ക് എതിരെ പരാമര്‍ശം നടത്തി എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും, ഒളിവില്‍ പോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

ഉച്ചയ്ക്ക് 1 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. തിങ്ങി നിറഞ്ഞ ജനക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കിയത്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത് ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവര്‍ത്തിച്ച ബോബി ചെമ്മണ്ണൂര്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.