ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന ബിജെപി പ്രചരണം തള്ളി അരവിന്ദ് കെജ്രിവാള്‍

ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന ബിജെപി പ്രചരണം തള്ളി അരവിന്ദ് കെജ്രിവാള്‍


ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രചരണം തള്ളി അരവിന്ദ് കെജ്രിവാള്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് തോല്‍വി ഭയന്ന് കെജ്രിവാള്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രചരിപ്പിച്ചത്. എന്നാല്‍ ഒരു സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെന്ന് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ന്യൂഡല്‍ഹി ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളിലെ എഎപി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബിജെപി വന്‍തോതില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചതായി ആം ആദ്മി നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവര്‍ക്കും അദ്ദേഹം വാര്‍ത്താസമ്മേളനത്തിലൂടെ നന്ദി പറഞ്ഞു.

ഇത്തവണ ഡല്‍ഹിയില്‍ തുറന്ന പോരാണ് ആം ആദ്മി പാര്‍ട്ടിയും (എഎപി) ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തമ്മില്‍. 2013 മുതല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ കെജ്രിവാള്‍ ഇത്തവണ ഡല്‍ഹിയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

കടുത്ത ത്രികോണ മത്സരമായിരിക്കും എന്നതില്‍ സംശയമില്ല. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് മറ്റൊരു എതിരാളി. 70 അംഗ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് ഫല പ്രഖ്യാപനം.