ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്പോര്‍ട്ട് റദ്ദാക്കി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്പോര്‍ട്ട് റദ്ദാക്കി


ധാക്ക: അധികാരഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്പോര്‍ട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കി. ജൂലൈയില്‍ രാജ്യത്ത് നടന്ന കൊലപാതകങ്ങളുടെയും പിന്നീട് ഇവര്‍ ഒളിച്ചോടിയതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ച് മുതല്‍ 77കാരിയായ ഹസീന ഇന്ത്യയിലാണ് ജീവിക്കുന്നത്. പതിനാറു വര്‍ഷം നീണ്ട ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കപ്പെട്ടതനെ തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.

ബംഗ്ലാദേശ് രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ നിരവധി പേര്‍ക്കും ഉപദേശകര്‍ക്കും സൈനിക, സൈനികേതര ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വംശഹത്യയും ആരോപിച്ചാണ് നടപടി.

ഒളിവില്‍ പോയതിനാണ് 22 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നതെന്ന് ചീഫ് അഡൈ്വസറുടെ പ്രസ് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ് മജുംദാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം ഹസീനയടക്കം 75 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത് ജൂലൈയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാസ്പോര്‍ട്ട് റദ്ദാക്കിയ മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്ന് ബംഗ്ലാദേശിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎസ്എസ് റിപ്പോര്‍ട്ട് ചെയ്തു.