ലോസാഞ്ചലസ് കാട്ടുതീ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ബൈഡൻ ഇറ്റലി യാത്ര റദ്ദാക്കി

ലോസാഞ്ചലസ് കാട്ടുതീ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ബൈഡൻ ഇറ്റലി യാത്ര റദ്ദാക്കി


വാഷിംഗ്ടൺ: ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണം ഫെഡറൽ തലത്തിൽ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കിയതായി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കരിൻ ജീൻപിയറി പ്രസ്താവനയിൽ പറഞ്ഞു.

രാവിലെ ലോസ് ആഞ്ചലസിൽ എത്തിയ പ്രസിഡന്റ് പോലീസ്, ഫയർഫോഴ്‌സ്, എമർജൻസി ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ജനുവരി 9 മുതൽ 12 വരെ ബൈഡൻ റോം സന്ദർശിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

പ്രസിഡന്റ് പദത്തിൽ നിന്ന് ഒഴിയുന്നതിനുമുമ്പായി നടത്താനിരുന്ന അവസാനത്തെ വിദേശ യാത്രയാണ്‌ബൈഡൻ റദ്ദാക്കിയത്.
നിലവിൽ ആറിടത്ത് സജീവമായ കാട്ടുതീ എരിയുന്നുണ്ട്. ഇതുവരെ അഞ്ചുപേർ മരിച്ചു. ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. രണ്ടര ലക്ഷത്തോളം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു. നൂറുകണക്കിന് വീടുകളും മറ്റു സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. ഗ്യാസ് സ്റ്റേഷനുകൾ അടച്ചതോടെ 15000 പേരെ പ്രതികൂലമായി ബാധിച്ചു. കാലിഫോർണിയ ഗവർണർ ഗാൽവിൻ സോം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.