ഉത്തരവുണ്ടായിട്ടും അലഹബാദ് ഹൈക്കോടതി കേസ് പരിഗണിച്ചില്ല; ആശങ്കയെന്ന് സുപ്രിം കോടതി

ഉത്തരവുണ്ടായിട്ടും അലഹബാദ് ഹൈക്കോടതി കേസ് പരിഗണിച്ചില്ല; ആശങ്കയെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടയില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി. കേസുകളില്‍ പട്ടികപ്പെടുത്തുന്നതില്‍ ഹൈക്കോടതികളില്‍ നടക്കുന്ന കാര്യങ്ങളില്‍ പൊതുവെ ആശങ്ക ഉന്നയിച്ച സുപ്രിം കോടതി അലഹബാദ് ഹൈക്കോടതിയെയാണ് എടുത്തുപറഞ്ഞത്. 

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട തന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  ഉത്തര്‍പ്രദേശ് എം എല്‍ എ അബ്ബാസ് അന്‍സാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഹൈ്‌ക്കോടതികള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.

തങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ താത്പര്യമില്ലെന്നും ചില ഹൈക്കോടതികള്‍ക്ക് എന്ത് സംഭവിക്കുന്നെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇത് ശരിക്കും ആശങ്കപ്പെടേണ്ട ഒന്നാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

തനിക്കും അഭിപ്രായങ്ങള്‍ പറയാന്‍ താത്പര്യമില്ലെന്നും സ്ഥിതി വളരെ ആശങ്കാപരമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും പറഞ്ഞു.

കേസുകള്‍ പട്ടികപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും ജസ്റ്റിസ് സൂര്യകാന്ത് പരാമര്‍ശിച്ചു.

'നിര്‍ഭാഗ്യവശാല്‍, ഫയലിംഗ് തകര്‍ന്നു, ലിസ്റ്റിംഗ് തകര്‍ന്നു, ഏത് കേസ് ലിസ്റ്റ് ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല, കഴിഞ്ഞ ശനിയാഴ്ച ഞാന്‍ അവിടെ ഉണ്ടായിരുന്നു, ബന്ധപ്പെട്ട ചില ജഡ്ജിമാരുമായും രജിസ്ട്രാറുമായും ദീര്‍ഘനേരം ആശയവിനിമയം നടത്തി,' അദ്ദേഹം പറഞ്ഞു.

ഒഴിപ്പിക്കല്‍ സ്വത്തായി പ്രഖ്യാപിച്ച തന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും അന്‍സാരി സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട ഒഴിപ്പിക്കല്‍ ബാധിതര്‍ക്ക് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയെങ്കിലും അദ്ദേഹത്തിന് അത് നിഷേധിക്കപ്പെട്ടുവെന്നാണ് സുപ്രിം കോടതിയില്‍ വാദിച്ചത്. 

ദലിബാഗ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി തനിക്ക് സംരക്ഷണം നല്‍കാത്തതിനാല്‍ സംസ്ഥാനം തന്റെ സ്ഥലം പിടിച്ചെടുക്കുകയും പ്രധാന്‍മന്ത്രി മന്ത്രി ആവാസ് യോജന പ്രകാരം സ്ഥലത്ത് ചില വാസസ്ഥലങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പരാതി.

ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച ഇടക്കാല സ്റ്റേയ്ക്കുള്ള അപേക്ഷ ഏത് സാഹചര്യത്തിലും എത്രയും വേഗം പരിഗണിക്കാന്‍ സുപ്രിം കോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍, ഇടക്കാല സംരക്ഷണത്തിനായുള്ള ഹര്‍ജിക്കാരന്റെ അപേക്ഷ ഉചിതമായി തീര്‍പ്പാക്കാന്‍ അപേക്ഷ വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ സുപ്രിം കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും കേസ് ഇപ്പോഴും വാദം കേള്‍ക്കുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നും സുപ്രിം കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും അലഹബാദ് ഹൈക്കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂവെന്നും ഹൈക്കോടതികള്‍ ഇത് ചെയ്താല്‍ പൗരന്‍ എവിടേക്ക് പോകുമെന്നും കപില്‍ സിബല്‍ ചോദിച്ചു. 

ഹൈക്കോടതിയിലെ സംഭവവികാസങ്ങളില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു.

കേസ് കേള്‍ക്കുന്ന ഹൈക്കോടതി ബെഞ്ചിനെക്കുറിച്ചും കോടതി ചോദിച്ചറിഞ്ഞു. വിവരം അറിയിച്ചപ്പോള്‍ അത് പട്ടികപ്പെടുത്തിയിരിക്കുന്ന ഹൈക്കോടതി ജഡ്ജി രാജ്യത്തെ ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളാണെന്ന് നിരീക്ഷിച്ചു. 

''അദ്ദേഹം യഥാര്‍ഥത്തില്‍ മികച്ച ജഡ്ജിമാരില്‍ ഒരാളാണ്, അദ്ദേഹത്തിന് നന്നായി എഴുതാന്‍ കഴിയും, വ്യക്തതയുണ്ട്,'' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പിന്നീട് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി അന്‍സാരിയുടെ ഹര്‍ജി കേള്‍ക്കുന്നതുവരെ തര്‍ക്കസ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടു.

ഈ കേസ് എത്രയും വേഗം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരണമെന്നും ഉത്തരവ് അവിടത്തെ ഡിവിഷന്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.