ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ ചായയ്ക്കും കടിക്കും വാങ്ങുന്ന അമിത തുക കുറക്കാന്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന 'നല്ല വാര്‍ത്ത' പങ്കുവെച്ച് ആം ആദ്മി പാര്‍ട്ടി രാഘവ് ഛദ്ദ. വിമാനത്താവളങ്ങളില്‍ 150 മുതല്‍ 250 രൂപ വരെയാണ് ചായയ്ക്കും കാപ്പിക്കും വാങ്ങുന്നത്.സമൂസയ്ക്കും വടയ്ക്കുമാകട്ടെ 350 രൂപ വരെയും വാങ്ങുന്നു. ഈ കൊള്ളവിലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന വിവരമാണ് പാര്‍ലമെന്റില്‍ നിന്നും ലഭിച്ച മറുപടിയിലുള്ളതെന്നാണ് ഛദ്ദ വ്യക്തമാക്കുന്നത്. എന്നാല്‍ അതെപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രാഘവ് ഛദ്ദ അടുത്തിടെ പാര്‍ലമെന്റില്‍ ജനങ്ങളുടെ ആശങ്കയെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ലഭിച്ച മറുപടിയുമായി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെക്കുകയായിരുന്നു. തന്റെ പാര്‍ലമെന്റിലെ ശ്രമങ്ങള്‍ ഫലം കണ്ടുവെന്ന് അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നു.
നിലവിലുള്ള കഫേകളില്‍ വില കുറയുമെന്ന പ്രതീക്ഷയൊന്നും വേണ്ട. വിമാനത്താവളങ്ങളില്‍ താങ്ങാനാവുന്ന വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കഫേകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അവിടെ പത്ത് രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും കിട്ടുമെന്നും ഛദ്ദ വീഡിയോയില്‍ പറയുന്നു.
രാജ്യസഭയില്‍ 'ഭാരതീയ വായുയാന്‍ വിധേയകി'നെക്കുറിച്ചുള്ള ചര്‍ച്ചയില്‍ യാത്രക്കാര്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍, ടിക്കറ്റ് നിരക്ക് മുതല്‍ തിരക്കേറിയ വിമാനത്താവളങ്ങള്‍, ഉയര്‍ന്ന ലഗേജ് ചാര്‍ജുകള്‍ എന്നിവ വരെ ഛദ്ദ അവതരിപ്പിച്ചിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ വിമാനയാത്ര സാധ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കൊല്‍ക്കത്തയിലാണ് വില കുറഞ്ഞ ഭക്ഷണം ലഭിക്കുന്ന പദ്ധതിയായ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ 'ഉഡാന്‍ യാത്രി കഫെ' ആദ്യം തുടങ്ങുകയെന്നും പറയുന്നുണ്ട്. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതാണ് പദ്ധതിയാണ് ഉഡാന്‍ യാത്രി കഫെ. കൊല്‍ക്കത്തയ്ക്ക് പുറമെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.