ലെബനനില്‍ സൈനിക മേധാവി പുതിയ പ്രസിഡന്റ്

ലെബനനില്‍ സൈനിക മേധാവി പുതിയ പ്രസിഡന്റ്


ബൈറൂത്ത്: ലെബനന്‍ പാര്‍ലമെന്റ് സൈനിക മേധാവി ജോസഫ് ഔണിനെ രാഷ്ട്രത്തലവനായി തെരഞ്ഞെടുത്തു. യു എസ് പിന്തുണയുള്ളസൈനിക മേധാവിയുടെ സ്ഥാനാരോഹണം ഹിസ്ബുള്ളയുടെ സ്വാധീനം കുറയുന്നതുമാണ് കാണിക്കുന്നത്. 

ആയുധങ്ങള്‍ വഹിക്കാനുള്ള പ്രത്യേക അവകാശം രാജ്യത്തിന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് 60കാരനായ ഔണ്‍ തന്റെ സ്ഥാനമേറ്റെടുക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. 

ഇസ്രായേല്‍ നശിപ്പിച്ച തെക്കന്‍ ലെബനനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും പുനര്‍നിര്‍മിക്കുമെന്നും  സംഘര്‍ഷത്തിന് മുമ്പുതന്നെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ മുങ്ങിപ്പോയ ലെബനനിനെതിരായ ഇസ്രായേലി ആക്രമണങ്ങള്‍ തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 'ഇന്ന്, ലെബനന്റെ ചരിത്രത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു' എന്നും ഔണ്‍ തന്റെ പ്രസംഗത്തില്‍  പറഞ്ഞു.

ലെബനനിലും മിഡില്‍ ഈസ്റ്റിലും അധികാര സന്തുലിതാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രതിഫലിപ്പിച്ചത്.  ഷിയാ മുസ്ലീം സംഗമായ ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടി നേരിട്ടതിന് പുറമേ ഡിസംബറില്‍ അവരുടെ സിറിയന്‍ സഖ്യകക്ഷിയായ ബഷര്‍ അല്‍-അസദ് സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ലെബനനെ അഭിനന്ദിച്ചു. ഔണിന്റെ തിരഞ്ഞെടുപ്പ് സ്ഥിരതയ്ക്കും നല്ല അയല്‍പക്ക ബന്ധത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എക്‌സില്‍ അദ്ദേഹം കുറിച്ചു. 

സ്ഥാനമേറ്റെടുക്കലില്‍ പങ്കെടുത്ത യു എസ് അംബാസഡര്‍ ലിസ ജോണ്‍സണ്‍ താന്‍ ഔണിന്റെ തിരഞ്ഞെടുപ്പില്‍ 'വളരെ സന്തുഷ്ടയാണെന്ന്' റോയിട്ടേഴ്സിനോട് പറഞ്ഞു.