രണ്ട് ട്രില്യന്‍ ചെലവു ചുരുക്കല്‍ പദ്ധതി മികച്ചതെങ്കിലും എളുപ്പമായിരിക്കില്ലെന്ന് മസ്‌ക്

രണ്ട് ട്രില്യന്‍ ചെലവു ചുരുക്കല്‍ പദ്ധതി മികച്ചതെങ്കിലും എളുപ്പമായിരിക്കില്ലെന്ന് മസ്‌ക്


വാഷിംഗ്ടണ്‍: സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ ശ്രമത്തിന് മേല്‍നോട്ടം വഹിക്കാന്‍ യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്ത എലോണ്‍ മസ്‌ക് 6.8 ട്രില്യണ്‍ ഡോളര്‍ ഫെഡറല്‍ ബജറ്റില്‍ നിന്ന് 2 ട്രില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കുക എന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം മികച്ചതാണെങ്കിലും എളുപ്പമായിരിക്കില്ലെന്ന് പറഞ്ഞു. 

രണ്ട് ട്രില്യണ്‍ ഡോളറിനുള്ള ശ്രമം മികവായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നാണ് ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് പറഞ്ഞത്. രാഷ്ട്രീയ തന്ത്രജ്ഞനും മുന്‍ തെരഞ്ഞെടുപ്പ് വിദഗ്ധനുമായ മാര്‍ക്ക് പെന്നുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സര്‍ക്കാര്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഫെഡറല്‍ ചെലവുകളും നിയന്ത്രണങ്ങളും കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി എന്ന ബാഹ്യ ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കാന്‍ ടെസ്ല സിഇഒ മസ്‌കിനെയും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയെയുമാണ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തത്. 

നിലവിലുള്ള ഫെഡറല്‍ ചെലവിന്റെ മൂന്നില്‍ രണ്ട് ഭാഗവും ട്രംപ് വെട്ടിക്കുറയ്ക്കില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതോ വെട്ടിക്കുറയ്ക്കാന്‍ കഴിയാത്തതോ ആയ പദ്ധതികളിലേക്ക് പോകുന്നതിനാല്‍ മസ്‌കിന്റെ ലക്ഷ്യം കൈവരിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. വിരമിച്ചവര്‍ക്കുള്ള സാമൂഹിക സുരക്ഷ, മെഡികെയര്‍ പദ്ധതികള്‍, പ്രതിരോധ, സൈനികരുടെ ആനുകൂല്യങ്ങള്‍, രാജ്യത്തിന്റെ വളര്‍ന്നുവരുന്ന 36 ട്രില്യണ്‍ ഡോളര്‍ കടത്തിന്റെ പലിശ പേയ്മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

നികുതി ഇളവുകള്‍, അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെ തന്റെ നിയമനിര്‍മ്മാണ അജണ്ട ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുന്നതിന് ട്രംപ് കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍മാരുമായി കൂടിക്കാഴ്ച ആരംഭിച്ചു. എങ്കിലും എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ ഇതുവരെ വിശദ വിവരങ്ങളായിട്ടില്ല.