നിജ്ജാര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

നിജ്ജാര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു


ബ്രിട്ടീഷ് കൊളംബിയ: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതികളായ നാല് ഇന്ത്യക്കാര്‍ക്കും കോടതി ജാമ്യം അനുവദിച്ചതോടെ കാനഡ സര്‍ക്കാരിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. 

ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കും കാനഡയിലെ കോടതി വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്. കരണ്‍ ബ്രാര്‍, അമന്‍ദീപ് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരായിരുന്നു പ്രതികള്‍.

വിചാരണ ഇപ്പോള്‍ ബ്രിട്ടീഷ് കൊളംബിയ സുപ്രിം കോടതിയിലേക്ക് മാറ്റി. അടുത്ത വാദം കേള്‍ക്കല്‍ ഫെബ്രുവരി 11ലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

വിചാരണ കാത്തിരിക്കുന്നതിനിടെ നാല് പ്രതികളെയും 'നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചു' എന്ന് കോടതി രേഖകള്‍ വെളിപ്പെടുത്തി. 2024 നവംബര്‍ 18ന് നടന്ന വാദം കേള്‍ക്കലില്‍ അവര്‍ സുപ്രിം കോടതിയില്‍ ഹാജരായിരുന്നു.

പ്രാഥമിക വാദം കേള്‍ക്കലുകളില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാലതാമസമുണ്ടായി. കേസില്‍ കാലതാമസവും ശക്തമായ തെളിവുകളുടെ അഭാവവുമാണ് കാനഡയുടെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നത്. 

കോടതി രേഖകളില്‍ നാല് പ്രതികളുടെയും സ്റ്റാറ്റസ് 'എന്‍' എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിനര്‍ഥം അവരില്‍ ആരും കസ്റ്റഡിയിലില്ല എന്നാണ്. കൂടുതല്‍ കോടതി നടപടികള്‍ക്ക് കാത്തിരിക്കുമ്പോള്‍ ജാമ്യത്തിലോ പ്രത്യേക വ്യവസ്ഥകളിലോ വിട്ടയക്കാനാവും. 

2020-ല്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജാറിനെ 2023 ജൂണിലാണ് കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവച്ചു കൊലപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കരണ്‍പ്രീത് സിംഗ് (28), കമല്‍പ്രീത് സിംഗ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരെയാണ് പ്രതികളായി ആദ്യം തിരിച്ചറിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കനേഡിയന്‍ പൊലീസ് നാലാം പ്രതി അമന്‍ദീപ് സിംഗ് (22)നെ അറസ്റ്റ് ചെയ്തു. 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ വഷളാക്കിയിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് വിശ്വസനീയമായ ആരോപണങ്ങള്‍ ഉണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചതോടെയാണ് വിവാദം ശക്തമായത്. 

എല്ലാ ആരോപണങ്ങളും ഇന്ത്യ നിഷേധിക്കുകയും 'അസംബന്ധം' എന്നും 'രാഷ്ട്രീയ പ്രേരിതം' എന്നും കുറ്റപ്പെടുത്തുകയും ചെയ്തു. കൂടാതെ തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും കാനഡ ഇടം നല്‍കുന്നുവെന്ന ആരോപണവും ഉന്നയിച്ചു.

നിജ്ജാര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു