തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള ടോക്കണെടുക്കുന്ന ക്യൂവില്‍ അനിയന്ത്രിതമായ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ബൈരാഗി പട്ടീദ പാര്‍ക്കിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ദുരന്തമുണ്ടായത്. ജനുവരി 10 മുതല്‍ 19 വരെ നടത്തുന്ന വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള ടോക്കണ്‍ വിതരണമാണ് ഇവിടെ നടത്താനിരുന്നത്.
നാലായിരത്തോളം പേരാണ് ദര്‍ശനത്തിനു ടിക്കറ്റെടുക്കാനുള്ള ക്യൂവിലുണ്ടായിരുന്നത്. രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നില്‍ തലേ ദിവസം വൈകിട്ട് തന്നെ കനത്ത തിരക്ക് അനുഭവപ്പെടുകയായിരുന്നു. ടോക്കണ്‍ വിതരണത്തിനുള്ള ക്യൂ നീങ്ങിത്തുടങ്ങിയതോടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു.
വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠ ദ്വാരത്തിലൂടെയുള്ള പ്രത്യേക ദര്‍ശനത്തിനുള്ള ടോക്കണ്‍ എടുക്കാനാണ് ഏറ്റവും കൂടുതല്‍ തിരക്കുണ്ടായത്.