വാഷിംഗ്ടണ്‍: ലോസ് ഏഞ്ചല്‍സില്‍ കാട്ടു തീ പടരുന്നതിനിടയില്‍ കാലിഫോര്‍ണിയ സംസ്ഥാന ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനെ വിമര്‍ശിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കാലിഫോര്‍ണിയയിലേക്ക് കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് ഒഴുക്കാന്‍ സാധിക്കുന്ന ജല പുനഃസ്ഥാപന കരാറില്‍ ഒപ്പിടാന്‍ ന്യൂസം തയ്യാറാകാത്തത് പ്രതിസന്ധി വര്‍ധിപ്പിത്തുവെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. കാലിഫോര്‍ണിയയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം കുറച്ച് വെള്ളം നല്‍കി സ്മെല്‍റ്റ് എന്ന മത്സ്യത്തെ സംരക്ഷിക്കാനാണ് ന്യൂസം ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. കാലിഫോര്‍ണിയയിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ന്യൂസമിനോട് ആവശ്യപ്പെട്ടു.
'വടക്ക് നിന്നുള്ള അധിക മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും ലഭിക്കുന്ന ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം, നിലവില്‍ കത്തുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ, കാലിഫോര്‍ണിയയുടെ പല ഭാഗങ്ങളിലേക്കും ദിവസവും ഒഴുകാന്‍ അനുവദിക്കുന്ന ജല പുനഃസ്ഥാപന പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വിസമ്മതിച്ചു'. എന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. ഗാവിന്‍ ന്യൂസോമും അദ്ദേഹത്തിന്റെ ലോസ് ഏഞ്ചല്‍സ് സംഘവും തീയുടെ ഒരു ശതമാനം പോലും അണച്ചിട്ടില്ലെന്നും, 'തീയണയ്ക്കാന്‍ വെള്ളമില്ല, ഫെമയില്‍ പണമില്ല. ജോ ബൈഡന്‍ അധികാരം ഒഴിയുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് ഈ പ്രതിസന്ധിയാണെന്നും ട്രംപ് കുറിച്ചു.
ലോസ് ഏഞ്ചല്‍സില്‍ കത്തിപ്പടരുന്ന കാട്ടുതീ അയ്യായിരത്തിലധികം ഏക്കറിലെ വസ്തുവകകള്‍ നശിപ്പിച്ചു. പതിനായിരത്തിലേറെ ഏക്കര്‍ കാട്ടുതീ ഭീഷണിയിലാണ്. കാട്ടുതീയുടെ ആഘാതത്തില്‍ ഇതുവരെ 5 പേര്‍ മരിച്ചു. ഒന്നരലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ; കാലിഫോര്‍ണിയ ഗവര്‍ണറെ വിമര്‍ശിച്ച് ട്രംപ്