വാഷിംഗ്ടണ്‍: നൂറാം വയസില്‍ അന്തരിച്ച മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് അമേരിക്ക അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് (വ്യാഴം) നടക്കും. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് വാഷിങ്ടണ്‍ നാഷനല്‍ കത്തീഡ്രലില്‍ ആരംഭിക്കും. കാര്‍ട്ടറിനോടുള്ള ബഹുമാനാര്‍ഥം പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി ഒമ്പത് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചു. ഡിസംബര്‍ 29ന് തന്റെ 100ാം വയസ്സിലാണ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചത്.
അറ്റ്‌ലാന്റയിലെ കാര്‍ട്ടര്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശവപേടകം സൈനിക ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് കാപ്പിറ്റോളിലെത്തിച്ച് വൃത്താകൃതിയിലുള്ള ഹാളിന്റെ മധ്യത്തില്‍ കിടത്തി. അവിടെ നിയമനിര്‍മ്മാതാക്കളും പൊതുജനങ്ങളും മുന്‍ പ്രസിഡന്റിന് ആദരാഞ്ജലി അര്‍പ്പിച്ചു.
അടുത്തിടെയുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് മഞ്ഞ് മൂടിയ വാഷിംഗ്ടണ്‍, ഡിസി തെരുവുകള്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ശവപേടകം കടന്നുപോകുമ്പോള്‍ ശാന്തമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, കാബിനറ്റ് സെക്രട്ടറിമാര്‍, കാര്‍ട്ടറുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ക്യാപിറ്റോള്‍ റോട്ടണ്ടയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമയര്‍ ബുധനാഴ്ച രാവിലെ നാവികസേനയിലെ പ്രതിനിധികളും കാര്‍ട്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് നിരവധി ഗ്രൂപ്പുകളിലെ പ്രതിനിധികളും ആദരാഞ്ജലി അര്‍പ്പിച്ചു.
നൂറ്റാണ്ട് കാലം ജീവിച്ച ഏക അമേരിക്കന്‍ പ്രസിഡന്റ് ആണ് ജിമ്മി കാര്‍ട്ടര്‍. അമേരിക്കയുടെ 39 ാമത് പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടര്‍ 1977 മുതല്‍ 1981വരെയായിരുന്നു രാജ്യം ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ അന്തരിച്ചു.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിര്‍മാര്‍ജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ട്ടര്‍ സെന്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്.
2023ന്റെ തുടക്കം മുതല്‍ ഹോസ്പിസ് കെയറിലായിരുന്ന കാര്‍ട്ടര്‍. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്‍ എന്നായിരുന്നു കാര്‍ട്ടര്‍ അറിയപ്പെട്ടിരുന്നത്.
ജിമ്മി കാര്‍ട്ടറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് അമേരിക്ക; സംസ്‌കാരം ഇന്ന്; ദേശീയ ദുഖാചരണം