നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ


ലൈംഗിക അധിക്ഷേപക്കേസിൽ നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് കൊച്ചി സെൻട്രൽ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ബോബിയെ ഉടൻ കൊച്ചിയിലെത്തിക്കും. ഇന്നു തന്നെ അറസ്റ്റ് ചെയ്യും. ബോബി ഒളിവിൽ പോകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടർന്ന് വയനാട്ടിൽ പോലീസ് വല വിരിച്ച് റിസോർട്ടിൽ നിന്ന് ബോബിയെ കസ്റ്റഡിയലെടുത്തത്.

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്കാണ് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചിരുന്നു.


വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. സ്വർണ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്തു വന്നിരുന്നു.


അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സൈബർ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്ന് ഹണി റോസ് പരാതിയിൽ പറഞ്ഞു. ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞിരുന്നു.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി നടി പരാതി നൽകുകയായിരുന്നു