ടൊറന്റോ: കാനഡയെ യു എസില്‍ ചേര്‍ക്കാന്‍ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ജസ്റ്റിന്‍ ട്രൂഡോ.
യു എസിലെ 51-ാമത്തെ സംസ്ഥാനമായി കാനഡയെ ചേര്‍ക്കാമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
യു എസ് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ രാജ്യം നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 'ഗണ്യമായ' തീരുവ കൊണ്ടുവരുമെന്ന ഭീഷണിയും ട്രംപ് ആവര്‍ത്തിച്ചു.
കാനഡ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സമയത്താണ് നിലവിലുള്ള താരിഫ് ഭീഷണി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ട്രൂഡോ രാജിവെച്ചെങ്കിലും ഭരണകക്ഷിയായ ലിബറലുകള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരും.
ജനുവരി 20ന് അധികാരമേല്‍ക്കുന്ന ട്രംപ് താരിഫ് ചുമത്തിയാല്‍ അത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കനേഡിയന്‍ ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം 2023-ല്‍ ഏകദേശം 3.6 ബില്യന്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളും സേവനങ്ങളുമാണ് പ്രതിദിനം അതിര്‍ത്തി കടന്നിരുന്നത്.
ട്രംപിന്റെ ഭീഷണി പിന്തുടരുകയാണെങ്കില്‍ കൗണ്ടര്‍ താരിഫുകള്‍ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് ട്രൂഡോ സര്‍ക്കാര്‍ അറിയിച്ചു.
രണ്ട് രാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും സമൂഹങ്ങള്‍ക്കും പരസ്പരം ഏറ്റവും വലിയ വ്യാപാര, സുരക്ഷാ പങ്കാളിയാകുന്നത് പ്രയോജനകരമാണെന്ന് ട്രൂഡോ എക്‌സില്‍ എഴുതി.
കാനഡയെപ്പോലെ മെക്‌സിക്കോയും യു എസില്‍ നിന്നും 25 ശതമാനം താരിഫ് ഭീഷണി നേരിടുന്നുണ്ട്.
രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ നിരീക്ഷണവും സംയുക്ത 'സ്‌ട്രൈക്ക് ഫോഴ്സ്' ചേര്‍ക്കുന്നതും ഉള്‍പ്പെടെ അതിര്‍ത്തിയില്‍ ഒരു കൂട്ടം പുതിയ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുമെന്ന് കാനഡ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കാനഡയെ അമേരിക്കയുടെ ഭാഗമാക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. എന്നാല്‍ അയല്‍രാജ്യത്തിന്റെ സൈനിക ചെലവിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചു.
കാനഡയ്ക്ക് വളരെ ചെറിയ സൈന്യമാണുളളതെന്നും തങ്ങളുടെ സൈന്യത്തെയാണ് കാനഡ ആശ്രയിക്കുന്നതെന്നും അതിന് അവര്‍ പണം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള ഒന്റാറിയോ പ്രവിശ്യയുടെ നേതാവ് ഡഗ് ഫോര്‍ഡ്, ട്രംപിന്റെ ഭീഷണി നേരിടാന്‍ ട്രൂഡോ തന്റെ ശേഷിക്കുന്ന ആഴ്ചകള്‍ പ്രവിശ്യകളുമായി പ്രവര്‍ത്തിക്കണമെന്ന്ആവശ്യപ്പെട്ടു.
അമേരിക്ക വൈദ്യുതിക്കായി ഒന്റാറിയോയെയാണ് ആശ്രയിക്കുന്നത്. യു എസിലെ ഒന്നരലക്ഷം വീടുകളിലും ബിസിനസുകളിലും തങ്ങള്‍ വെളിച്ചം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.