വാഷിംഗ്ടൺ: അധികാരമൊഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്ക് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാവിയിലേക്ക് പ്രാവർത്തികമാക്കാൻ തീരുമാനിച്ചിട്ടുള്ള എണ്ണ പ്രകൃതിവാതക ഖനനപദ്ധതി അവസാനിപ്പിക്കാൻ പ്രസിഡന്റ് ബൈഡന്റെ നീക്കം. കടൽ തീരമേഖല സംരക്ഷണത്തിനുള്ള 1953 ലെ ഔട്ടർ കോണ്ടിനെന്റൽ ഷെൽഫ് ലാൻഡ്‌സ് ആക്ട് (ഒസിഎസ്എൽഎ) പ്രയോജനപ്പെടുത്തിയാണ് ബൈഡൻ ട്രംപിന്റെ ഭാവിയിലെ തീരദേശ ഖനന വിപുലീകരണ പദ്ധതികൾക്ക് തടയിടുന്നത്.
ഭാവിയിലെ എണ്ണ, വാതക ഖനനത്തിൽ നിന്ന് 625 ദശലക്ഷം ഏക്കർ കടൽത്തീര പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്.
ജനുവരി 20 ട്രംപ് പ്രസിഡന്റ് സ്ഥാനം ഏൽക്കാനിരിക്കെ അദ്ദേഹത്തിന്റെ പ്രഥമ പരിഗണനകളിൽ പെട്ട പദ്ധതിയാണ് ഫോസിൽ ഇന്ധന വിപുലീകരണം. ഈ പദ്ധതികളെ സങ്കീർണ്ണമാക്കുന്ന താണ് വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
എണ്ണ, വാതക പാട്ടത്തിൽ നിന്ന് ഔട്ടർ കോണ്ടിനെന്റൽ ഷെൽഫിന്റെ ഭാഗങ്ങൾ ശാശ്വതമായി പിൻവലിക്കാൻ പ്രസിഡന്റുമാർക്ക് അധികാരം നൽകുന്ന 1953 ലെ ഔട്ടർ കോണ്ടിനെന്റൽ ഷെൽഫ് ലാൻഡ്‌സ് ആക്ട് (ഒസിഎസ്എൽഎ) ആണ് ബൈഡൻ പ്രയോജനപ്പെടുത്തുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങൾ, കിഴക്കൻ ഗൾഫ് ഓഫ് മെക്‌സിക്കോ, അലാസ്‌കയുടെ വടക്കൻ ബെറിംഗ് കടൽ എന്നിവയാണ് സംരക്ഷിത പ്രദേശങ്ങൾ.
ബൈഡന്റെ നീക്കം പിൻവലിക്കാൻ ട്രംപിന് കോൺഗ്രസ് അനുമതി ആവശ്യമായി വന്നേക്കാം
എന്നാൽ, അത്തരം പരിരക്ഷകൾ പിൻവലിക്കാൻ തുടർന്നുള്ള പ്രസിഡന്റിന് ഈ നിയമം അനുവദിക്കുന്നില്ല. അതായത് ബൈഡന്റെ തീരുമാനം പിൻവലിക്കാൻ ട്രംപിന് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമായി വന്നേക്കാം.
'സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മേഖലകളിൽ ഡ്രില്ലിംഗ് ചെയ്യുന്നത് നമുക്ക് പ്രിയപ്പെട്ട സ്ഥലങ്ങൾക്ക് മാറ്റാനാവാത്ത നാശനഷ്ടമുണ്ടാക്കും, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന്റെ ആവശ്യവുമില്ല'- ബൈഡൻ പറഞ്ഞു.
'കാലാവസ്ഥാ പ്രതിസന്ധി രാജ്യത്തുടനീളമുള്ള സമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയും നമ്മൾ ശുദ്ധമായ ഊർജ്ജ സമ്പദ്വ്യവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നതിനാൽ, നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കുമായി ഈ തീരങ്ങളെ സംരക്ഷിക്കാനുള്ള സമയമാണിത് '-ബൈഡൻ പറഞ്ഞു.
'കാലിഫോർണിയ മുതൽ ഫ്‌ളോറിഡ വരെ, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഗവർണർമാർ, കോൺഗ്രസ് അംഗങ്ങൾ, തീരദേശ സമൂഹങ്ങൾ എന്നിവർ ഒരുപോലെ പ്രവർത്തിക്കുകയും ഓഫ്‌ഷോർ ഓയിൽ, പ്രകൃതിവാതക ഡ്രില്ലിംഗിന് കാരണമാകുന്ന ദോഷങ്ങളിൽ നിന്ന് നമ്മുടെ സമുദ്രത്തിനും തീരപ്രദേശങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാഷ്ട്രീയ പ്രേരിത' ഊർജ്ജ തീരുമാനം പിൻവലിക്കണം: ലെവിറ്റും, സോമർസും
വരാനിരിക്കുന്ന പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് ഈ തീരുമാനത്തെ 'അപമാനകരമായ' രാഷ്ട്രീയ പ്രതികാര നടപടിയെന്നാണ് വിശേഷിപ്പിച്ചത്. 'ഡ്രില്ലിംഗ് വർദ്ധിപ്പിക്കാനും ഗ്യാസ് വില കുറയ്ക്കാനും പ്രസിഡന്റ് ട്രംപിന് അധികാരം നൽകിയ അമേരിക്കൻ ജനതയോട് കൃത്യമായ രാഷ്ട്രീയ പ്രതികാരത്തിനായി രൂപകൽപ്പന ചെയ്ത അപമാനകരമായ തീരുമാനമാണിതെന്ന് , ലെവിറ്റ് എക്‌സ്ൽ പോസ്റ്റ് ചെയ്തു. ബൈഡന്റെ തീരുമാനത്തെ പരാജയപ്പെടുത്തുമെന്നും ലെവിറ്റ് എളുതി.
'കോൺഗ്രസും വരാനിരിക്കുന്ന ഭരണകൂടവും താങ്ങാനാവുന്ന ഊർജ്ജം, സർക്കാർ വരുമാനം, ലോകമെമ്പാടുമുള്ള സ്ഥിരത എന്നിവയുടെ നിർണായക ഉറവിടമായി രാജ്യത്തിന്റെ വിശാലമായ തീരദേശ വിഭവങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണം' എന്നാണ് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് മൈക്ക് സോമർസ് വാദിച്ചത്.
'രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം പിൻവലിക്കാനും ഫെഡറൽ ലീസിംഗിൽ അമേരിക്കൻ അനുകൂല ഊർജ്ജ സമീപനം പുനഃസ്ഥാപിക്കാനും കഴിയാവുന്ന എല്ലാം ഉപയോഗിച്ച് നിരോധനം മറികടക്കാൻ അദ്ദേഹം ജനപ്രതിനിധികഴോട് അഭ്യർത്ഥിച്ചു.
ട്രംപിന്റെ ഭാവി പദ്ധതിക്ക് പ്രഹരം നൽകി തീരേദേശത്തെ എണ്ണ പ്രകൃതിവാതക ഖനനം നിരോധിച്ച് ബൈഡൻ