മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയും രാജ്യത്ത് സ്വന്തം അസുര്‍ ക്ലൗഡ്-കംപ്യൂട്ടിംഗ് സേവന ബിസിനസും വിപുലീകരിക്കാന്‍ ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ഏഴിന് ചൊവ്വാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാദെല്ല.

''ഞങ്ങളുടെ അസൂര്‍ ശേഷി വിപുലീകരിക്കുന്നതിന് മൂന്ന് ബില്യണ്‍ ഡോളര്‍ അധികമായി ചെലവഴിച്ചുകൊണ്ട് ഞങ്ങള്‍ ഇന്ത്യയില്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിപുലീകരണം പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ ശരിക്കും ആവേശത്തിലാണ്,'' മൈക്രോസോഫ്റ്റ് സിഇഒ ചൊവ്വാഴ്ച പറഞ്ഞു.

കമ്പനി നിലവില്‍ രാജ്യത്ത് വളരെയധികം പ്രാദേശിക വിപുലീകരണം നടത്തുന്നുണ്ടെന്നും നദെല്ല എടുത്തുപറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം 2030ഓടെ 10 ദശലക്ഷം ആളുകള്‍ക്ക് എഐ നൈപുണ്യത്തില്‍ പരിശീലനം നല്‍കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും സിഇഒ പറഞ്ഞു.

ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് മേധാവിയുടെ പ്രഖ്യാപനം. കൂടിക്കാഴ്ച അവസാനിച്ചതിന് ശേഷം എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ പോസ്റ്റിലൂടെ നദെല്ല പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. 

''നിങ്ങളെ കണ്ടുമുട്ടിയതില്‍ ശരിക്കും സന്തോഷമുണ്ട്, സത്യനദെല്ല! മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണത്തെയും നിക്ഷേപ പദ്ധതികളെയും കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ മീറ്റിംഗില്‍ ടെക്, ഇന്നൊവേഷന്‍, എഐ എന്നിവയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതും അതിശയകരമായിരുന്നു,'' എക്സിലെ നദെല്ലയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി മോഡി പറഞ്ഞു.

മോഡിയെ കാണുന്നതിന് മുമ്പ് തെലങ്കാന മുഖ്യമന്ത്രി കെ രേവന്ത് റെഡ്ഡിയെയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാരായ ഡി ശ്രീധര്‍ ബാബു, ഉത്തം കുമാര്‍ റെഡ്ഡി എന്നിവരെയും ഹൈദരാബാദില്‍ വച്ച് സത്യ നാദെല്ല സന്ദര്‍ശിച്ചിരുന്നു. 

മൈക്രോസോഫ്റ്റിന് ഹൈദരാബാദില്‍ ദീര്‍ഘകാല സാന്നിധ്യമുണ്ട്, വളര്‍ന്നുവരുന്ന ടെക് ഹബ്ബില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ആദ്യകാല കമ്പനികളില്‍ ഒന്നായിരുന്നു ഇത്.