ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും.
ജനുവരി 10ന് ആണ് വിജ്ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് അവസാനിക്കും.
ഏകദേശം 1.55 കോടി വോട്ടര്‍മാരാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായുള്ളത്. ഇതില്‍ 71.74 ലക്ഷം സ്ത്രീകളും 2 ലക്ഷത്തിലധികം കന്നി വോട്ടര്‍മാരുമാണ്. 13,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക.
ഉത്തര്‍പ്രദേശിലെ മില്‍കിപൂര്‍ നിയമസഭ സീറ്റിലേക്കും തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും. ഫെബ്രുവരി എട്ടിനാണ് ഇവിടെയും വോട്ടെണ്ണല്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഇവികെഎസ് ഇളങ്കോവന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈറോഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണല്‍ എട്ടിന്