പാരീസ്: ഫ്രാന്‍സിന്റെ തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ ജീന്‍ മേരി ലെ പെന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. കുടിയേറ്റത്തിനും ബഹുസ്വര സംസ്‌കാരത്തിനുമെതിരായ തീക്ഷ്ണമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ജീനിന് അനുയായികളും എതിരാൡകളും ധാരാളമായിരുന്നു.
ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ധ്രുവീകരണത്തിന് നേതൃത്വം നല്‍കിയ ലെ പെന്‍ യഹൂദ വിരുദ്ധത, വിവേചനം, വംശീയ അക്രമം എന്നിവയ്ക്ക് നിരവധി തവണ ശിക്ഷിക്കപ്പെട്ടു. ഹോളോകോസ്റ്റ് നിഷേധം, മുസ്‌ലിംകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെയുള്ള വംശീയ അപലപങ്ങള്‍, എയ്ഡ്സ് ബാധിച്ചവരെ പ്രത്യേക സൗകര്യങ്ങളില്‍ നിര്‍ബന്ധിതമായി ഒറ്റപ്പെടുത്താനുള്ള 1987-ലെ നിര്‍ദ്ദേശം തുടങ്ങി വിവാദമായ നിരവധി പ്രസ്താവനകള്‍ വിമര്‍ശകരെ ഞെട്ടിക്കുകയും രാഷ്ട്രീയ സഖ്യങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.
ഫ്രഞ്ച് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി സജീവമായിരുന്ന ജീന്‍-മേരി ലെ പെന്‍ തന്റെ കുടിയേറ്റ വിരുദ്ധ സന്ദേശത്തിലൂടെ ജനക്കൂട്ടത്തെ ആകര്‍ഷിച്ച തന്ത്രശാലിയായ രാഷ്ട്രീയ തന്ത്രജ്ഞനും പ്രാസംഗികനുമായിരുന്നു.
ഇസ്‌ലാമും മുസ്‌ലിം കുടിയേറ്റക്കാരുമായിരുന്നു ലെ പെന്നിന്റെ പ്രഥമ ലക്ഷ്യം. ഫ്രാന്‍സിന്റെ സാമ്പത്തികവും സാമൂഹികവുമായ ദുരിതങ്ങള്‍ക്ക് അവരെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ചെറുപ്പത്തില്‍ തെരുവുയുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെടുകയും വര്‍ഷങ്ങളോളം കറുത്ത കണ്ണട ധരിക്കുകയും ചെയ്ത ലെ പെന്‍ ഫ്രഞ്ച് രാഷ്ട്രീയ ജീവിതത്തില്‍ ഇടതു- വലതു രാഷ്ട്രീയക്കാര്‍ക്ക് അവഗണിക്കാന്‍ കഴിയാതിരുന്ന ശക്തിയായിരുന്നു.
1928 ജൂണ്‍ 20-ന് ബ്രിട്ടാനി ഗ്രാമമായ ട്രിനിറ്റ്-സുര്‍-മെറില്‍ മത്സ്യത്തൊഴിലാളിയായ ജീന്‍ ലെ പെന്നിനും ഭാര്യ ആന്‍-മേരിയ്ക്കും ജനിച്ച അദ്ദേഹം നിയമ, പൊളിറ്റിക്കല്‍ സയന്‍സ് ബിരുദങ്ങള്‍ നേടി. 27-ാം വയസ്സില്‍ പിയറി പൗജാഡെ നടത്തുന്ന യൂണിയന്‍ ഫോര്‍ ദി ഡിഫന്‍സ് ഓഫ് ഷോപ്പ്കീപ്പേഴ്സ് ആന്‍ഡ് ആര്‍ട്ടിസാന്‍സിന്റെ ബാനറില്‍ നാഷണല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിര്‍മ്മാതാവായി. അദ്ദേഹത്തിന്റെ കരിയര്‍ ഒരിക്കലും വലത് പാതയില്‍ നിന്ന് വ്യതിചലിച്ചില്ല.
1988ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ 14 ശതമാനം വോട്ട് നേടി അദ്ദേഹം രാജ്യത്തെ ഞെട്ടിച്ചു. പതിനാലു വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ അദ്ദേഹം 16.8 ശതമാനം സ്‌കോര്‍ ചെയ്ത് ജാക്വസ് ചിറാക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
1976-ല്‍ ഒരു സ്‌ഫോടനത്തില്‍ കുടുംബ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നെങ്കിലും ലെ പെന്നിനും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റില്ല.
ഭാര്യ പിയറെറ്റ് ലാലനില്‍ നിന്ന് ലെ പെന്‍ വിവാഹ മോചനം നേടിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വേര്‍പിരിയലിന്റെ പ്രതിഫലനമായി പിയറെറ്റ് 1987-ല്‍ പ്ലേബോയ്ക്കുവേണ്ടി പ്രശസ്തമായി പോസ് ചെയ്തു.
1991-ല്‍ അദ്ദേഹം ജാനി എന്നറിയപ്പെടുന്ന ജജീന്‍ മേരി പാഷോസിനെ വിവാഹം ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ലെ പെന്‍ തന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ മരിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമകരണം ചെയ്തു. 2011ല്‍ പാര്‍ട്ടി അധ്യക്ഷയായ അവര്‍ 2017ലും 2022ലും പ്രസിഡന്‍ഷ്യല്‍ റണ്ണോഫിലെത്തി. രണ്ട് തവണയും അവര്‍ ഇമ്മാനുവല്‍ മാക്രോണിനോട് പരാജയപ്പെട്ടു. 2027ലെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രധാന സാധ്യതയുള്ള മത്സരാര്‍ഥിയായി അവര്‍ കണക്കാക്കപ്പെടുന്നു.
ജീന്‍ സഹസ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്ന് മകള്‍ അദ്ദേഹത്തെ നീക്കം ചെയ്യുകയും 2018-ല്‍ ആജീവനാന്ത ഓണററി പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയുടെ പ്രതിച്ഛായ പുതുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി അവര്‍ ദേശീയ മുന്നണിയുടെ പേര് ദേശീയ റാലി എന്നാക്കി മാറ്റി.
പാര്‍ട്ടി സ്ഥാപിതമായതു മുതല്‍ നേരിട്ട ഏറ്റവും കഠിനമായ പ്രഹരമമെന്നാണ് ജീന്‍ ലെ പെന്‍ ഇതിനെ വിശേഷിപ്പിച്ചത്.
സമീപ വര്‍ഷങ്ങളില്‍ ലെ പെന്നിന്റെ ആരോഗ്യം വഷളായതിനാല്‍ സ്‌ട്രോക്ക് അനുഭവപ്പെട്ടതുള്‍പ്പെടെ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലെ പെന്നിന് ഭാര്യയും മേരി-കരോലിന്‍, യാന്‍, മറൈന്‍ എന്നീ മൂന്ന് പെണ്‍മക്കളുണുള്ളത്.