വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. അപ്രതീക്ഷിതമായാണ് മെലോണി ട്രംപിന്റെ ഫ്‌ളാറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റിലെ വസതിയില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന വിവരം മെലോണിയുടെ ഓഫിസ് സ്ഥിരീകരിച്ചു. അതേസമയം, കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാര്‍ എ ലോഗോയില്‍ മണിക്കൂറുകളോളം ചെലവഴിച്ച മെലോണി അത്താഴവും സിനിമ പ്രദര്‍ശനവും കഴിഞ്ഞാണ് തിരിച്ചുപോയത്. ഇറ്റാലിയന്‍ പത്രങ്ങള്‍ ഞായറാഴ്ച അവരുടെ മുന്‍ പേജുകളില്‍ രണ്ട് നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പ്രധാന തലക്കെട്ടുകളോടെ പ്രസിദ്ധീകരിച്ചിരുന്നു.
ജനുവരി 20നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിനുമുന്നോടിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ തുടങ്ങിയ അന്താരാഷ്ട്ര നേതാക്കള്‍ ട്രംപിന്റെ വസതിയില്‍ എത്തിയിരുന്നു.
ജോര്‍ജിയ മെലോണി, മുമ്പും യുഎസ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ട്രംപിന്റെ മന്ത്രി സഭാംഗവും ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ എലോണ്‍ മസ്‌കുമായി അടുത്ത സൗഹൃദമുള്ള ലോക നേതാവാണ് മെലോണി. ഇരുവരും തമ്മില്‍ സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണ് എന്നുപോലും പ്രചരണമുണ്ടായിരുന്നെങ്കിലും അതില്‍ വാസ്തവമില്ലെന്ന് പിന്നീട് അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
അതിനിടയില്‍ സ്ഥാനമൊഴിയാനിരിക്കു്‌ന പ്രസിഡന്റ് ജോ ബൈഡന്റെ അവസാന വിദേശ സന്ദര്‍ശങ്ങളുടെ ഭാഗമായി ജോ ബൈഡന്‍ അടുത്ത നാല് ദിവസം റോമില്‍ എത്തും. പോപ്പിനെയും മെലോണിയെയും ബൈഡന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.