നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ആവശ്യം ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി: കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കൊലപാതക സാദ്ധ്യതയെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശം നല്‍കി. കൊലപാതകമാണെന്ന കുടുംബത്തിന്റെ ആശങ്കയടക്കം പരിശോധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് നിലവിലെ അന്വേഷണം തന്നെ തുടരട്ടെയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്മാറില്ലെന്നും ഏതറ്റംവരെയും പോകുമെന്നും അവര്‍ വ്യക്തമാക്കി. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ സഹോദരനും അറിയിച്ചു.

സി പി എം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കണ്ണൂര്‍ പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി.ഭരണതലത്തിലടക്കം അവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് വേണ്ടത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണം എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കൊലപാതകമാണെന്ന സംശയവും കുടുംബം ഉന്നയിച്ചിരുന്നു