ചൈനയിലെ വൈറസ് വ്യാപനം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം

ചൈനയിലെ വൈറസ് വ്യാപനം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യോമോവൈറസ് (എച്ച് എം വി പി) അതിവേഗം പടരുന്ന സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ആശങ്ക വേണ്ടെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) അറിയിച്ചു. സ്ഥിതിഗതികള്‍ തുടര്‍ന്നും നിരീക്ഷിച്ച് ആവശ്യമായ നടപടികളെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ (ഡിജിഎച്ച്എസ്) ഡോ. അതുല്‍ ഗോയല്‍ വ്യക്തമാക്കി.

ജലദോഷത്തിനു കാരണമായവ ഉള്‍പ്പെടെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ ഗണത്തില്‍പ്പെടുന്നതാണ് എച്ച്എംവിപി. കുട്ടികളിലും വയോജനങ്ങളിലും പനി പോലുള്ള ലക്ഷണങ്ങള്‍ മാത്രമാണ് ഇതുമൂലമുണ്ടാകുന്നത്. രാജ്യത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധിയുടെ തോത് ഉയര്‍ന്നിട്ടില്ലെന്നും ഗോയല്‍ പറഞ്ഞു. 

ചൈനയില്‍ തുടങ്ങി ലോകരാജ്യങ്ങളെയാകെ ലോക്ഡൗണിലാക്കിയ കോവിഡ് 19 സൃഷ്ടിച്ച നടുക്കം മാറും മുന്‍പേ ചൈനയില്‍ വീണ്ടും ശ്വാസകോശ രോഗം പടരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണു കേന്ദ്രം  വിശദീകരണം നല്‍കിയത്. ചൈനയുടെ വടക്കന്‍ പ്രവിശ്യകളില്‍ എച്ച്എംവിപി അതിവേഗം വ്യാപിക്കുന്നുവെന്നതായാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചൈന ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രീനിങ്, ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ എന്നിവ ഉള്‍പ്പെടെ സുരക്ഷാ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭൂരിപക്ഷം പേരിലും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നതാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. എന്നാല്‍ കുട്ടികള്‍, പ്രായമായവര്‍, ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ തുടങ്ങിയവരില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിതു കാരണമാകാമെന്നു പറയപ്പെടുന്നു.