തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും. കലാകേരളത്തിന്റെ കൗമാരപ്രതിഭകള്‍ 25 വേദികളിലായാണ് മികവ് തെളിയിക്കാന്‍ മാറ്റുരയ്ക്കുന്നത്. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാന നഗരി ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന വേദിയില്‍ അരങ്ങേറും. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ രാവിലെ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്യുന്നതോടെ ഊട്ടുപുരയും സജീവമാകും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളില്‍ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.
സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായി. കലാമണ്ഡലത്തിലെ 29 വിദ്യാര്‍ഥികളും വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും അടങ്ങുന്ന സംഘമാണ് ഇന്ന് നൃത്താവിഷ്‌കാരം നടത്തുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയിലാണ് റിഹേഴ്സല്‍ പൂര്‍ത്തിയാക്കിയത്. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്. കേരളത്തിന്റെ നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഗാനത്തിന് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗോത്ര കലകള്‍, മാര്‍ഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോര്‍ത്തിണക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍ തൂണേരിയുടെ വരികള്‍ക്ക് കാവാലം ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഒന്‍പതര മിനിറ്റാണ് സ്വാഗത ഗാനം.
സ്‌കൂള്‍ കലോത്സവത്തിലെ അവതരണ ഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ മലയാളത്തിലെ ഒരു പ്രധാന നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് അരങ്ങുണരും