ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ സ്വന്തമായി പ്രവിശ്യകള്‍ പ്രഖ്യാപിച്ച ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ.
ലഡാക്കിലെ ഹോത്താന്‍ മേഖലയിലാണ് ചൈന രണ്ട് പ്രവിശ്യകള്‍ സൃഷ്ടിക്കാന്‍ നീക്കം നടത്തിയത്. ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ചൈന അവകാശം ഉന്നയിച്ച രണ്ട് പ്രദേശങ്ങളും ഇന്ത്യയിലെ ലഡാക്കിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിലെ ഇന്ത്യയുടെ കാലങ്ങളായുള്ള പരമാധികാരത്തിന് തടസ്സംസൃഷ്ടിക്കുന്ന രീതിയില്‍ പ്രവിശ്യകള്‍ സൃഷ്ടിക്കരുതെന്നും ചൈനയുടെ അനധികൃതവും ശക്തി ഉപയോഗിച്ചുള്ളതുമായ കടന്നുകയറ്റം നിയമപ്രകാരമുള്ളതാകില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇന്ത്യന്‍ ഭൂമി അനധികൃതമായി കൈയേറാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. ടിബറ്റന്‍ മേഖലയിലെ യാര്‍ലുങ് സാങ്‌പോ നദിയില്‍ ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു.
മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ഭരണകൂടത്തെ അട്ടിമറിക്കാന്‍ അവിടത്തെ പ്രതിപക്ഷത്തിന് ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്ന അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അവിശ്വസനീയവുമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യയോട് നിര്‍ബന്ധിത ശത്രുത പുലര്‍ത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. മാലദ്വീപുമായും പാകിസ്താനുമായും ബന്ധപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.