വാഷിംഗ്ടണ്‍: മദ്യപാനം കാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാല്‍ ഇത് സംബന്ധിച്ച് മദ്യാക്കുപ്പികളുടെ ലേബലുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് അമേരിക്കയിലെ സര്‍ജന്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
മദ്യോപയോഗം സ്തനം, വന്‍കുടല്‍, കരള്‍, എന്നീ ആന്തരീകാവയവങ്ങളിലെ കാന്‍സറിനു കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മദ്യക്കുപ്പികളില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നും സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി പറഞ്ഞു.
മദ്യപാനത്തിന്റെ പരിധിയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്നും അതിലൂടെ ആളുകള്‍ക്ക് കാന്‍സര്‍ അപകടസാധ്യത കണക്കാക്കാന്‍ കഴിയുമെന്നും, ജനന വൈകല്യങ്ങള്‍ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകള്‍ക്കൊപ്പം കാന്‍സര്‍ മുന്നറിയിപ്പുകൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പുകയിലയ്ക്കും പൊണ്ണത്തടിക്കും ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാന്‍സറിന് കാരണമാകുന്ന മൂന്നാമത്തെ പ്രധാന കാരണമാണ് മദ്യപാനം. മദ്യ ഉപയോഗം കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഓരോ വര്‍ഷവും 100,000 കാന്‍സര്‍ കേസുകള്‍ക്കും 20,000 കാന്‍സര്‍ മരണങ്ങള്‍ക്കും മദ്യം കാരണമാണെന്നും വിവേക് മൂര്‍ത്തി പറഞ്ഞു.
മദ്യപാനം കാന്‍സറിന് കാരണമാകുമെന്ന് മദ്യക്കുപ്പികളില്‍ രേഖപ്പെടുത്തണം-യുഎസ് സര്‍ജന്‍ ജനറല്‍