ന്യൂഡല്‍ഹി: ചൈനയില്‍ പുതിയ ഭീഷണിയായി പടര്‍ന്നു പിടിക്കുന്ന എച്ച് എം പി വി കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്കയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും സെന്റര്‍ ഡയറക്ടര്‍ ഡോ. അതുല്‍ ഗോയല്‍ അറിയിച്ചു.
ജലദോഷത്തിന്റെ ലക്ഷണങ്ങളോടെയാണ് വൈറസ് ബാധ പുറത്തുവരുന്നത്. ശ്വാസകോശത്തെയാണ് എച്ച് എം പി വൈറസ് ബാധിക്കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ അണുബാധ പടരാതിരിക്കാന്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ്. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇതു പകരാം. എച്ച് എം പി വി രോഗത്തിനെതിരേയുള്ള ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാണെന്നകണ്ടെത്തല്‍ ആശങ്ക ഉളവാക്കുന്നതാണ്.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പുതിയ വൈറസ് ബാധ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം